കൊല്ലം: പ്രകൃതിക്ക് വേണ്ടി പാടിയും പറഞ്ഞും ചിലപ്പോൾ കലഹിച്ചും കടന്നുപോയ മലയാള കവിതയുടെ അമ്മ സുഗതകുമാരിക്ക് സ്നേഹ പുരസ്‌കാരം നൽകിയതിന്റെ ഓർമകളുടെ നിർവൃതിയിലാണ് പുത്തൂർ. 2012 മാർച്ച് ഒന്നിന് പുത്തൂർ മിനിമോൾ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റാണ് സദ്കീർത്തി പുരസ്‌കാരം നൽകി സുഗതകുമാരിയെ ആദരിച്ചത്. ശിവഗിരി മഠം ധർമ്മസംഘത്തിന്റെ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയാണ് പുത്തൂർ സിദ്ധാർഥ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചത്. മണ്ണിനേയും മലയാളിയേയും ഒരേ മാതൃഭാവത്തിൽ കരുതിയ കവയത്രി ചടങ്ങിൽ പങ്കെടുക്കാൻ നേരത്തെ എത്തുകയും കുട്ടികളോടൊപ്പം വർത്തമാനം പറഞ്ഞിരിക്കാനും കവിത ചൊല്ലാനും വലിയ താത്പ്പര്യമെടുക്കുകയും ചെയ്തു. സുഗത കുമാരി അന്ന് കുട്ടികളുടെ മാത്രമല്ല നാടിന്റെ ഹൃദയം കവർന്നെടുത്തിട്ടാണ് മടങ്ങിപോയത്. തിരക്കും യാത്രയുടെ ക്ഷീണവും ഏറെ ഉണ്ടെന്ന് പറഞ്ഞാണ് കാറിൽ നിന്നും ഇറങ്ങിയത്. ഇളനീർ കുടിച്ചു ക്ഷീണം മാറ്റി കുട്ടികൾക്കൊപ്പം കൂട്ട് കൂടുക ആയിരുന്നു. ട്രസ്റ്റ് ചെയർമാൻ ഡോ. ഗോകുലം ഗോപകുമാറിനൊപ്പം മണിക്കൂറുകൾ കവിതയുടെ അമ്മയും ഇവിടുത്തുകാരുടെ ഇടയിലേക്ക് ഇറങ്ങി. സ്കൂൾ വളപ്പിലെ ചെടികളോടും പൂക്കളോടും സ്നേഹം അറിയിച്ചിട്ടാണ് വേദിയിലേക്ക് കയറിയത്. അപ്പോഴും പറയാൻ ഉണ്ടായിരുന്നതും ഈ മണ്ണിന്റെയും മരങ്ങളുടെയും പ്രാധാന്യമായിരുന്നു. വർഷങ്ങൾ കടന്നുപോയിട്ടും ആ കവിവാക്കുകൾ ഈ ദേശത്തു അലയടിക്കുന്നുണ്ട്. ഓർമകളുടെ വല്ലരിയിൽ ആ ധന്യ മുഖം ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കാനാണ് കുട്ടികളും ഒപ്പം പുത്തൂരുകാരും ആഗ്രഹിക്കുന്നത്. ഇന്നലെ സുഗത കുമാരി കടന്നുപോയ വാർത്തകൾ അറിഞ്ഞപ്പോൾ ഈ നാട് ഓർത്തത് അന്നത്തെ സ്നേഹസാന്നിദ്ധ്യ നിമിഷങ്ങൾ തന്നെയാണ്.