parvathi
കൊല്ലം പാർവതി മിൽ

തുരുമ്പെടുത്ത് കോടികളുടെ യന്ത്രങ്ങൾ

കൊല്ലം: ഒരുകാലത്ത് കൊല്ലത്തിന്റെ പ്രതാപമായിരുന്ന കൊല്ലം പാർവതി മില്ലിലെ യന്ത്രങ്ങൾ നിലച്ചിട്ട് 13 ആണ്ട് പിന്നിടുന്നു. മില്ല് സ്ഥിതി ചെയ്യുന്ന 16 ഏക്കർ ഭൂമി കാടുകയറി. പല ഘട്ടങ്ങളിലായി സ്ഥാപിച്ച കോടികൾ വിലയുള്ള യന്ത്രങ്ങൾ തുരുമ്പെടുക്കുന്നു. പുതിയ വികസന പദ്ധതികളും സംരംഭങ്ങളും തുടങ്ങാൻ ഭൂമി കിട്ടുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. പക്ഷെ കൊല്ലം നഗരഹൃദയത്തിലെ ഈ കണ്ണായ ഭൂമി പ്രയോജനപ്പെടുത്താനുള്ള കൂട്ടായ ശ്രമങ്ങളില്ലാത്തത് കൊല്ലത്തിന് തന്നെ നാണക്കേടായി തുടരുകയാണ്.

പൂർവതി മിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ടെക്സ്റ്റയിൽസ് പാർക്ക് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രാലയത്തെ സമീപിച്ചിരുന്നു. ടെക്സ്റ്റിയിൽസ് പാർക്ക് ആക്കാൻ ഭൂമി തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നഗരസഭയും നിവേദനം നൽകി. എല്ലാത്തിനും തടസമായി നിൽക്കുന്നത് 2005ൽ തുടങ്ങിയ കേസാണ്. അന്ന് മില്ല് സ്വകാര്യവത്കരിക്കാൻ നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷൻ താല്പര്യപത്രം ക്ഷണിച്ചു. മുംബയിലെ സ്വകാര്യ മില്ലുമായി ധാരണയുമായി. ഇതിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്ത് എത്തിയതോടെ നീക്കം പൊളിഞ്ഞു. കൈമാറ്റത്തിൽ നിന്ന് പിന്മാറിയ ടെക്സ്റ്റയിൽസ് കോർപ്പറേഷനെതിരെ സ്വകാര്യ കമ്പിനി കേസ് ഫയൽ ചെയ്തു. 15 വർഷത്തോളം പഴക്കമുള്ള ഈ കേസ് ഒത്തുതീർപ്പാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും നടക്കുന്നില്ല. ഈ ഭൂമി ഏറ്റെടുത്ത് നൂതന സംരംഭങ്ങൾ തുടങ്ങാൻ സംസ്ഥാന സർക്കാരിനും താല്പര്യമില്ല.

ജോലിയില്ലെങ്കിലും 56 ജീവനക്കാർ

ചെയ്യാൻ ഒരു ജോലിയുമില്ലെങ്കിലും 56 ജീവനക്കാർ എല്ലാദിവസവും ഇവിടെ എത്തുന്നുണ്ട്. രാവിലെ ഏഴ് മണിക്ക് വരും. മൂന്ന് മണിയാകുമ്പോൾ മടങ്ങും. വെറുതെയിരുന്നുള്ള മുഷിപ്പിനിടയിൽ ചിലർ കോമ്പൗണ്ടിലെ പുല്ല് ചെത്തി വൃത്തിയാക്കും. എല്ലാമാസവും 25ന് മുൻപേ ശമ്പളം എത്തും. 45 സ്ഥിരം ജീവനക്കാർക്ക് 14,000 രൂപയാണ് ശമ്പളം. 11 ദിവസ വേതനക്കാർക്ക് 180 രൂപ വീതവും. നൂറ് കണക്കിന് ജീവനക്കാർ നേരത്തെ ഉണ്ടായിരുന്നു. പലരും മില്ല് പൊളിഞ്ഞുതുടങ്ങിയപ്പോൾ തന്നെ വി.ആർ.എസ് എടുത്തു. വേറെ വഴിയില്ലാതെ തുടർന്നവരിൽ വലിയൊരു വിഭാഗം വിരമിച്ചു. 2024ൽ ഇപ്പോഴുള്ളവരെല്ലാം വിരമിച്ച് ആളനക്കവും ഇല്ലാതാകും.

 പ്രവർത്തനം നിലച്ചിട്ട്: 16 വർഷം

 കാടുകയറുന്നത്: 16 ഏക്കർ

''

കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രാലയം ഇവിടെ ടെക്സ്റ്റയിൽസ് പാർക്ക് തുടങ്ങണമെന്ന് കേന്ദ്ര സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ ഏതെങ്കിലും നൂതന സംരംഭങ്ങൾ ആരംഭിക്കാൻ സംസ്ഥാന സർക്കാരിന് കൈമാറണമെന്ന നിർദ്ദേശവും വച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസ് തീർപ്പായാലെ ഇക്കാര്യത്തിൽ എന്ത് തീരുമാനവും എടുക്കാനാകൂ. കേസ് തീർപ്പാക്കാനുള്ള ഇടപെടൽ ടെക്സ്റ്റയിൽസ് മന്ത്രാലയത്തിൽ നിന്ന് ഉണ്ടാകുന്നില്ല.

എൻ.കെ. പ്രേമചന്ദ്രൻ എം.പി