 
ബസ് സ്റ്രാൻഡ് നിർമ്മാണ ചെലവ് 5.15 കോടി
വസ്തു വിലയും രജിസ്ട്രേഷൻ ഫീസും 3. 99 കോടി
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭാ ബസ് സ്റ്റാൻഡ് പ്രവർത്തനമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ബസുകളോ യാത്രക്കാരോ ഇതുവരെ കയറിയിട്ടില്ലാത്ത ബസ് സ്റ്റാൻഡ് അധികൃതരും തഴഞ്ഞ മട്ടാണ്. എന്നാൽ ഈ ബസ് സ്റ്റാൻഡിന്റെ നിർമ്മാണത്തിനായി ഒരു പതിറ്റാണ്ടിനുള്ളിൽ 5.15 കോടി രൂപയാണ് നഗരസഭ ചെലവഴിച്ചത്. എന്നിട്ടും പ്രവർത്തനം തുടങ്ങാൻ മാത്രം കഴിഞ്ഞിട്ടില്ല. കരുനാഗപ്പള്ളി നഗരത്തിൽ മാർക്കറ്റ് റോഡിലാണ് ബസ് സ്റ്റാൻഡ്. 10 വർഷം മുമ്പ് അധികാരത്തിൽ വന്ന പ്രഥമ നഗരസഭയാണ് ഒരു ഏക്കർ ഭൂമി വിലക്ക് വാങ്ങിയത്. വസ്തു വിലയും രജിസ്ട്രേഷൻ ഫീസും 3. 99 കോടി രൂപാ ചെലവായി.
വഴിയാണ് പ്രശ്നം
പ്രഥമ നഗരസഭയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ച 3 കോടി രൂപ ഈ ബസ് സ്റ്റാൻഡിന് വസ്തു വാങ്ങുന്നതിനാണ് ഇപയോഗിച്ചത്. പ്രധാന റോഡിൽ നിന്ന് 148 മീറ്റർ നീളത്തിലും 9 മീറ്റർ വീതിയിലുമാണ് ബസ് സ്റ്റാൻഡിലേക്ക് വഴിയുള്ളത്. 9 മീറ്റർ വീതിയിലുള്ള വഴിയിൽ 3 മീറ്റർ വീതിയിലുള്ള വഴിക്ക് മാത്രമാണ് നഗരസഭക്ക് പ്രമാണം ഉള്ളത്. ശേഷിക്കുന്ന 6മീറ്റർ വീതിയുള്ള വഴിയ്ക്ക് വസ്തു ഉടമ അവകാശം മാത്രമാണ് നൽകിയിട്ടുള്ളതെന്ന് അറിയുന്നു. ഇതാണ് ബസ് സ്റ്രാൻഡിന്റെ വികസനത്തിന് തടസമായി നിൽക്കുന്നത്. ഇത് നിയമപരമായി മറികടക്കാനുള്ള വശങ്ങളെ കുറിച്ച് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ നിരവധി തവണ ആലോചനകൾ നടന്നെങ്കിലും ഫലപ്രാപ്തിയിൽ എത്തിയില്ല.
സ്ഥലപരിമിതി തടസമായി
സ്റ്രാൻഡിന്റെ ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി പ്രഥമ നഗരസഭ 1.20 കോടി രൂപ ചെലവഴിച്ചിരുന്നു. എന്നിട്ടും ബസുകൾക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്ന് വന്ന നഗരസഭ കൗൺസിൽ വേൾഡ് ബാങ്കിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപാ ഉപയോഗിച്ച് 40 സെന്റ് വിസ്തീണമുള്ള യാർഡ് പൂർണമായും കോൺക്രീറ്റ് ചെയ്യുകയും അപ്രോച്ച് റോഡിന്റെ ടാറിംഗ് പൂർത്തിയാക്കുകയും ചെയ്തു. ബസുകൾക്ക് ഉള്ളിലേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സ്ഥലപരിമിതി തടസമായി.
മലയോരവുമായി ബന്ധിപ്പിക്കുന്നസ്വകാര്യ ബസുകൾ
94 ബസുകളാണ് കൊവിഡിന് മുമ്പ് വരെ കരുനാഗപ്പള്ളി നഗരത്തിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾക്ക് ഇളവ് വന്നതോടെ സ്വകാര്യ ബസുകൾ വീണ്ടും സർവീസ് തുടങ്ങി. കരുനാഗപ്പള്ളി നഗരത്തെ മലയോര മേഖലയുമായി ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് സ്വകാര്യ ബസുകളാണ്.