 
കൊല്ലം:പണ്ട് പോളയത്തോട് ശ്‌മശാനത്തിൽ ശവമടക്കിന് കാത്തിരുന്നവർ വറുത്ത കപ്പലണ്ടി കൊറിച്ചാണ് ഈ സ്ഥലത്തിന് കപ്പലണ്ടി മുക്ക് എന്ന് പേര് വീണത്. ഇപ്പോൾ ഇതാ, ആ പേര് ശരിവച്ച് ഇവിടെ ഒറിജിനൽ പച്ചക്കപ്പലണ്ടി വിളഞ്ഞു. അതും നറുറോഡിലെ ഡിവൈഡറിൽ. ഇരുപത് കിലോയോളമാണ് വിളവെടുത്തത്.
ഡിവൈഡറുകൾ കോൺക്രീറ്റ് ചെയ്യാതെ ഉള്ളിൽ മണ്ണിട്ടതാണ്. അതിൽ നഗരസഭാ ജീവനക്കാരാണ് ചെറിയ തോതിൽ കപ്പലണ്ടി കൃഷി ചെയ്‌തത്. ജീവനക്കാരുടെ സംഘടനയായ കെ.എം.സി.എസ്.യുവിന്റെ നേതാക്കളുടെ ആശയമാണിത്. മഞ്ഞൾ കൃഷിയാണ് അവർ ആദ്യം ആലോചിച്ചത്. അപ്പോഴത്തെ കാലാവസ്ഥ മഞ്ഞൾ കൃഷിക്ക് അനുകൂലമല്ലെന്ന് ബോദ്ധ്യമായി. അങ്ങനെയാണ് കപ്പലണ്ടി കൃഷിയിലേക്ക് കടക്കുന്നത്.
നാലുമാസം മുൻപ് പച്ച കപ്പലണ്ടി വാങ്ങി പാകി. രണ്ടുനേരം വെള്ളമൊഴിച്ചു. തൊട്ടടുത്തുള്ള എയ്റോബിക് ബിന്നിൽ നിന്ന് അഴുകിയ ജൈവ മാലിന്യം ശേഖരിച്ച് വളമായി നൽകി. കപ്പലണ്ടിച്ചെടികൾ തഴച്ചു വളർന്നു. കീടങ്ങളെ നശിപ്പിക്കാൻ വിഷപ്രയോഗമൊന്നും നടത്തിയില്ല. ഇന്നലെ മണ്ണിളക്കി വിളവെടുത്തപ്പോൾ നൂറുമേനി. ജീവനക്കാരുടെയും തൊഴിലാളികളുടെയും മനസ് നിറഞ്ഞു. വിളവ് ജീവനക്കാർ തുല്യമായി വീതിച്ച് കൊണ്ടുപോയി, കപ്പലണ്ടി മുക്കിൽ കപ്പലണ്ടി വിളയിച്ച സന്തോഷത്തിൽ.
 കാത്തിരുന്ന് കപ്പലണ്ടിമുക്കായി
പോളയത്തോട് ശ്‌മശാനം സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് ചുടുകാട് ജംഗ്ഷനെന്നാണ് അറിയപ്പെട്ടിരുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് മൃതദേഹവുമായി നിരവധി ആളുകളെത്തും. മൃതദേഹം കത്തിത്തീരുന്നത് വരെ ചുടുകാട് വളപ്പിൽ ബന്ധുക്കൾ കാത്തിരിക്കും. അവർക്ക് കൊറിക്കാൻ കപ്പലണ്ടിയുമായി കച്ചവടക്കാർ തമ്പടിച്ച് തുടങ്ങി. അങ്ങനെയാണ് ചുടുകാട് ജംഗ്ഷൻ മെല്ലെ കപ്പലണ്ടി മുക്കായത്.
''കപ്പലണ്ടി കൃഷിയിൽ പ്രതീക്ഷിക്കാത്ത വിളവ് ലഭിച്ചു. ഇനി മഞ്ഞൾ കൃഷി ചെയ്യാനാണ് ആലോചന. കാലാവസ്ഥ അനുസരിച്ച് കൃഷിയിറക്കും.
എൻ.എസ്. ഷൈൻ
ഹെൽത്ത് ഇൻസ്പെക്ടർ