തഴവ: വവ്വക്കാവ് - മണപ്പള്ളി റോഡിൽ കുറുങ്ങപ്പള്ളി റെയിൽവേ ക്രോസിൽ ഇളകി കിടക്കുന്ന സ്ലാബുകൾ അപകട ഭീഷണിയാകുന്നു.
അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് മാസങ്ങൾക്ക് മുൻപ് ട്രാക്കിന് ഇരുവശവും റോഡിനോട് ചേർന്നുള്ള കോൺക്രീറ്റ് സ്ലാബുകൾ റേയിൽവേ ഇളക്കി മാറ്റിയത്. പിന്നീട് ഇവ പുന:സ്ഥാപിച്ചെങ്കിലും നിരപ്പാക്കി ഗതാഗതയോഗ്യമാക്കിയില്ല.
ഉയർന്നും താഴ്ന്നും നിരതെറ്റി കിടക്കുന്ന സ്ലാബുകളിൽ തട്ടി സ്ത്രീകൾ ഉൾപ്പടെയുള്ള ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്. കൂടാതെ വലിയ വാഹനങ്ങളും നിരപ്പല്ലാതെ കിടക്കുന്ന സ്ലാബുകളിൽ കയറി നിയന്ത്രണം തെറ്റുന്നതും പതിവാണ്.
സ്ലാബുകൾ നിരപ്പാക്കി ടാർ ചെയ്ത് ഗതാഗതം സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.