church
ഡിസംബർ 28, 29 തീയതികളിൽ മൂറോൻ കൂദാശ നടക്കുന്ന പുത്തൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയം

പുത്തൂർ: പുതുക്കി പണിത പുത്തൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ മൂറോൻ കൂദാശ 28, 29 തീയതികളിൽ നടക്കും. കൂദാശ കർമ്മങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭാ തലവൻ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമീസ് കാതോലിക്ക ബാവ നേതൃത്വം നൽകും. മാവേലിക്കര ഭദ്രാസനാധിപൻ
ജോഷ്വ മാർ ഇഗ്നാത്തിയോസ്, പത്തനംതിട്ട ഭദ്രാസനാധിപൻ ഡോ.സാമുവേൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ സഹ കാർമ്മികത്വം വഹിക്കും.

28 ന് വൈകിട്ട് 3 ന് കത്തോലിക്കാ സഭാ തലവൻ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമീസ് കാതോലിക്ക ബാവ, മെത്രാപ്പോലീത്തമാർ എന്നിവർക്ക് സ്വീകരണം നൽകും. തുടർന്ന് കാൽകുരിശ്, കൊടിമരം എന്നിവയുടെ ആശീർവാദം, ദേവാലയത്തിന്റെ മൂറോൻ കൂദാശ, സ്നേഹഭോജനം എന്നിവ നടക്കും. 29ന് രാവിലെ 9 ന് പ്രഭാത പ്രാർത്ഥന, വിശുദ്ധ കുർബാന, സ്നേഹഭോജനം എന്നിവ നടക്കും.

1932 ൽ സ്ഥാപിതമായ പുത്തൂരിലെ മലങ്കര കത്തോലിക്കാ ഇടവകയുടെ മൂന്നാമത്തെ ദേവാലയമാണ് ഇപ്പോൾ കൂദാശ ചെയ്യപ്പെടുന്നത്.നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കൂദാശാ കർമ്മങ്ങൾ നിർവഹിക്കുന്നതെന്ന് ഇടവക വികാരി സിൽവസ്റ്റർ തെക്കേടത്ത് അറിയിച്ചു.