 
കരുനാഗപ്പള്ളി: എയിഡ്സ് ബാധിതർക്ക് പ്രതിമാസ ഭക്ഷ്യധാന്യ കിറ്റുകളുമായി നന്മ വണ്ടിയുടെ ഡിസംബർ മാസ പര്യടനം മൈനാഗപ്പള്ളി ബഥനി ഭവനിൽ നിന്ന് ആരംഭിച്ചു. ബഥനി ഭവനിലെ സിസ്റ്റർമാരായ നിസ്സി, മോനിറ്റ എന്നിവർ ചേർന്ന് നന്മ വണ്ടിയുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. താലൂക്കിലെ 19 കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിൽ എത്തിച്ച് നൽകുന്നത്. ഇതോടനുബന്ധിച്ച് നന്മ വണ്ടിയുടെ പ്രവർത്തകർ ബഥനി ഭവനിലെ അൻപതോളം അന്തേവാസികൾക്ക് ക്രിസ്മസ് കേക്കും ഭക്ഷ്യധാന്യങ്ങളും നൽകി. കരുനാഗപ്പള്ളി നാട്ടരങ്ങിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജീവകാരുണ്യ പ്രവർത്തകരായ ഷാജഹാൻ രാജധാനി, സാന്ത്വനം ഡയറക്ടർ നജീബ് മണ്ണേൽ, അബ്ദുൽ ഷുക്കൂർ, സലീം പന്മന, അസ്മി, റിയ, ഹാരീസ് ഹാരി, ഷാനവാസ്, മുഹമ്മദ് പൈലി, എം.കെ. ബിജു മുഹമ്മദ് എന്നിവർ പങ്കെടുത്തു.