lorry
കൊല്ലം ട്രാഫിക് പൊലീസ് പിടിച്ചെടുത്ത നമ്പർ പ്ലേറ്റുകൾ മറച്ച ലോറികൾ

പതിനൊന്ന് വാഹനങ്ങൾ കുടുങ്ങി

കൊല്ലം: പൊലീസിനെയും നിരീക്ഷണ കാമറകളെയും കബിളിപ്പിക്കാനുള്ള ലോറികളുടെയും ബൈക്കുകളുടെയും പുതിയ നമ്പർ പൊലീസ് പൊക്കി!. നമ്പർ പ്ലേറ്റില്ലാതെയും ഉള്ള നമ്പർ പ്ലേറ്റ് കാണാനാകാത്ത വിധം ബമ്പർ ഘടിപ്പിച്ച് മറച്ചതുമായ 12 വാഹനങ്ങൾക്ക് സിറ്റി ട്രാഫിക് എൻഫോഴ്സ്‌മെന്റ് ടീം പിഴ ചുമത്തി.

ഇന്നലെ കുടുങ്ങിയവയിൽ 11 എണ്ണം ചരക്ക് ലോറികളാണ്. ഇതിൽ ആറെണ്ണവും തമിഴ്നാട് ലോറികളാണ്. ഒരു ബൈക്കിനും പിഴ ചുമത്തിയിട്ടുണ്ട്. രണ്ടായിരം മുതൽ മൂവായിരം രൂപ വരെയാണ് പിഴ. നമ്പർ പ്ലേറ്റ് ഇല്ലാത്തതും തീര കാണാനാകാത്ത വിധം മറച്ചതുമായ നാല് ലോറികൾ പിടിച്ചെടുത്തു. പുതിയ നമ്പർ പ്ലേറ്റും മറച്ച ഭാഗങ്ങൾ നീക്കം ചെയ്ത ശേഷവും ഈ വാഹനങ്ങൾ വിട്ടുനൽകി. അടുത്തിടെ അപകടങ്ങളുണ്ടാക്കി നിറുത്താതെ പോയ ചില വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റില്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ വാഹനങ്ങളെ തിരിച്ചറിയാൻ പ്രയാസമായി. ഈ സാഹചര്യത്തിൽ കമ്മിഷണറുടെ നിർദ്ദേശപ്രകാരം ട്രാഫിക് എസ്.ഐ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.