happy

ഭക്ഷണം മാത്രമല്ല പണവും സൗജന്യമായി നൽകുന്ന ഒരു റെസ്റ്റോറന്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കയിലെ പ്രമുഖ യൂട്യൂബറായ ജിമ്മി ഡൊണാൾഡ്സൺ ആണ് ഈ റെസ്റ്റോറന്റിന് പിന്നിൽ. മിസ്റ്റർ ബീസ്റ്റ്‌ എന്നാണ് യൂട്യൂബിൽ ഇദ്ദേഹത്തിന്റെ പേര്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള മിസ്റ്റർ ബീസ്റ്റിന്റെ പുതിയ വീഡിയോയിലൂടെയാണ് സൗജന്യ റെസ്റ്റോറന്റിനെക്കുറിച്ചുള്ള വാർത്തകൾ അദ്ദേഹം പങ്കുവച്ചത്.

ലോകത്തിലെ ആദ്യത്തെ സൗജന്യ റെസ്റ്റോറന്റ് എന്ന വിശേഷണത്തോടെയാണ് മിസ്റ്റർ ബീസ്റ്റ് പുതിയ‌ വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്.

റെസ്റ്റോറന്റിൽ ആളുകൾ വരുന്നതും ഭക്ഷണം കഴിച്ചിട്ട് പണം നൽകാതെ പോകുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ഒപ്പം ആവശ്യക്കാർക്ക് പണവും ഇവിടെ നിന്ന് നൽകുന്നതും കാണാം.

നിരവധിപേരാണ് ഭക്ഷണം ആവശ്യപ്പെട്ട് ഇവിടെ എത്തുന്നത്. വരിവരിയായി കടയ്ക്ക് മുന്നിൽ ഒരുപാട് പേർ നിൽക്കുന്നുണ്ട്. ഭക്ഷണം തീരുന്നതിന് അനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് മിസ്റ്റർ ബീസ്റ്റ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചെയ്യുന്നത് മഹത്തായ കാര്യമാണെന്ന തരത്തിലും നിരവധിപ്പേർ വിവിധ അഭിപ്രായങ്ങൾ കമന്റായി ചേർക്കുന്നുണ്ട്. 2019 ൽ ഏറ്റവുമധികം വ്യൂവേഴ്‌സിനെ സമ്പാദിച്ച യൂട്യൂബർമാരിൽ ഒരാളാണ് അദ്ദേഹം, അതിന് പുറമെ 2018 ൽ ഏറ്റവും പരോപകാരിയായ മനുഷ്യൻ എന്ന ബഹുമതിയും മിസ്റ്റർ ബീസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇൗ വീഡിയോ വ്യാജമാണെന്ന വാർത്തകളും വന്നിട്ടുണ്ട്.