bridge-1
വെട്ടിയതോട് പാലം

പടിഞ്ഞാറേ കല്ലട : പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ വർഷങ്ങൾ പഴക്കംചെന്ന വെട്ടിയതോട് പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വൈകുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം. പുതിയ പാലം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ 3.27 കോടി രൂപയാണ് അനുവദിച്ചത്. പുതിയ പാലത്തിന് സമാന്തരമായി റോഡ് നിർമ്മിക്കുന്നതിനായി സ്വകാര്യവ്യക്തികളുടെ ഭൂമി അളന്നു തിട്ടപ്പെടുത്തി കല്ലിട്ടു മാറ്റിയിട്ട് വർഷങ്ങൾ പിന്നിട്ടു. എന്നിട്ടും പാലം പണിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എങ്ങുമെത്താത്ത അവസ്ഥയിലാണ്. വെട്ടിയതോടിൽ പുതിയ പാലം നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

നൂറുകണക്കിന് വാഹനങ്ങൾ

പാലത്തിന്റെ അടിഭാഗം ദ്രവിച്ച് കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണ്. ഇടുങ്ങിയ പാലത്തിലൂടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. മുൻപ് ഇവിടെ നിരവധി വാഹനാപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കേരള കൗമുദി പലതവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാൻ മുൻകൈയെടുത്ത് പുതിയ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പടിഞ്ഞാറേ കല്ലടയുടെ സമഗ്ര വികസനത്തിന് തടസമായി നിൽക്കുന്നത് ഈ പാലമാണ്. അടിയന്തരമായി ഇവിടെ പുതിയ പാലം നിർമ്മിക്കണം

കെ. പ്രസാദ്, കിഴക്കേതോട്ടുകര വീട് , മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് (പ്രദേശവാസി)

അധികൃതരുടെ അനാസ്ഥ മൂലമാണ് പാലം പണി ഇത്രയും കാലം നീണ്ടുയത്. എത്രയും വേഗം പുതിയ പാലത്തിന്റെ പണി തുടങ്ങണം

വി. സുഭാഷ് ചന്ദ്രൻ , ചന്ദ്രാലയം , കോതപുരം (പ്രദേശവാസി)

പാലം പണിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഊർജ്ജിതമായി നടന്നുവരുകയാണ്.സാമൂഹിക ആഘാത പഠന റിപ്പോർട്ട് ലഭിച്ചാലുടൻ അടുത്ത നടപടിയിലേക്ക് നീങ്ങും.

- എം.എ. റഹീം, ഡെപ്യൂട്ടി കളക്ടർ കൊല്ലം

പാലം നിർമ്മിക്കാൻ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ 3.27 കോടി രൂപയാണ് അനുവദിച്ചത്