c

കൊല്ലം: ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലത്തെ കെ.പി.സി.സി നേതാക്കൾ. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയം വിലയിരുത്താൽ കെ.പി.സി.സി വിളിച്ചുചേർത്ത യോഗത്തിലാണ് നേതാക്കൾ അഭിപ്രായം തുറന്നടിച്ചത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽ കുമാർ, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവരാണ് നേതാക്കളോട് വെവ്വേറെ സംസാരിച്ചത്.

ജില്ലയിലെ രണ്ട് നേതാക്കൾ നിയമസഭാ സീറ്റ് മുന്നിൽ കണ്ടാണ് പ്രവർത്തിക്കുന്നത്. സ്വന്തം വിജയം മാത്രമാണ് ലക്ഷ്യം. സംഘടനയെ ശക്തിപ്പെടുത്തുന്നതിന് യാതൊന്നും ചെയ്യുന്നില്ല. ഇടത്തട്ടിലെ നേതാക്കളുടെ അഭിപ്രായം ചോദിക്കാറില്ല. മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ളവരോട് യാതൊരു ബന്ധവുമില്ല. താഴെത്തട്ടിലുള്ള നേതൃത്വത്തിനെ വിശ്വാസത്തിലെടുക്കാതെയാണ് ഇവരുടെ പ്രവർത്തനം.

കോർപ്പറേഷനിലേക്ക് മത്സരിച്ച പതിനാറുപേർക്ക് മാത്രം പതിനായിരം രൂപ വീതം തിരഞ്ഞെടുപ്പ് ഫണ്ട് കൊടുത്തത് മറ്റുള്ള സ്ഥാനാർത്ഥികളുടെ ആത്മവീര്യം കെടുത്തി. ഗ്രൂപ്പ് അതിപ്രസരം വിജയത്തെ ബാധിച്ചെന്നും ഇപ്പോഴത്തെ ജില്ലാ നേതൃത്വത്തെ വച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ പരാജയമായിരിക്കും ഫലമെന്നും ജില്ലയിലെ കെ.പി.സി.സി ഭാരവാഹികൾ, നിർവാഹക സമിതിയംഗങ്ങൾ തുടങ്ങിയവർ നേതാക്കളോട് പറഞ്ഞു.

പിന്നാക്കക്കാരെ അകറ്റിയത് തിരിച്ചടി


തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗങ്ങളെ അകറ്റിനിറുത്തിയതുൾപ്പെടെ തിരിച്ചടിയായെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ. ഓരോ സ്ഥലത്തിനും അനുയോജ്യരായ സ്ഥാനാർത്ഥികളെയല്ല നിറുത്തിയത്. സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക പരിഗണനകൾ കീഴ്‌മേൽ മറിഞ്ഞു. മുസ്ലീം, ക്രിസ്ത്യൻ, ഈഴവ സമുദായങ്ങളെ വേണ്ടതുപോലെ പരിഗണിച്ചില്ല. നായർ സമുദായത്തിലുള്ളവർ പാർട്ടിയിൽ നിന്ന് അകലുകയാണ്.