agri
യോഹന്നാൻ്റെ മട്ടുപ്പാവ് കൃഷി, പൈപ്പിൽ കുരുമുളക് വള്ളികൾ

കൊട്ടാരക്കര: അപ്രതീക്ഷിതമായി വന്ന ലോക് ഡൗണിൽ നാട്ടിൽ പെട്ട് പോയതാണ് പാസ്റ്റർ യോഹന്നാൻ. ഒറ്റപ്പെടലിന്റെ വിരസതയകറ്റാൻ എന്തുചെയ്യണമെന്ന ആലോചന യോഹന്നാനെ മട്ടുപ്പാവ് കൃഷിയിലേക്ക് തിരിച്ചുവിട്ടു. അങ്ങനെ മട്ടുപ്പാവിലും പറമ്പിലുമായി കൃഷിചെയ്ത് നൂറ്മേനി വിജയം കൊയ്തതിന്റെ ആഹ്ളാദത്തിലാണ് കക്ഷി.

മടക്കയാത്ര നടന്നില്ല

കഴിഞ്ഞ 45 വർഷമായി ഡൽഹിയിലും ഗൾഫിലും ചെന്നൈയിലും കസ്റ്റംസ് ക്ളിയറിംഗ് ഓഫീസറായും പാസ്റ്ററായും പ്രവർത്തിച്ച് വന്നിരുന്ന കൊട്ടാരക്കര തൃക്കണ്ണമംഗൽ പ്ളാവിള ബഥേലിൽ പി.ഡി .യോഹന്നാനാണ് ഇപ്പോൾ ഒത്ത കർഷകനായിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 5 നാണ് ഡൽഹിയിലെ ഭാര്യയെയും മക്കളെയും വിട്ട് കൊട്ടാരക്കര തൃക്കണ്ണമംഗലുള്ള കുടുംബ വീട്ടിലെത്തിയത്. ഭാര്യ ഏലിയാമ്മ ഡൽഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിൽ അസിസ്റ്റൻറ് നഴ്സിംഗ് സൂപ്രണ്ടായിരുന്നു. കൊട്ടാരക്കരയിലുള്ള കുടുംബ ഭൂമിയിൽ എന്തെങ്കിലും കൃഷി ചെയ്ത് മടങ്ങുക എന്ന ലക്ഷ്യത്തോടെ മടക്കയാത്രക്കുള്ള വിമാന ടിക്കറ്റുമായിട്ടാണ് യോഹന്നാൻ കൊട്ടാരക്കരയിലെത്തിയത്.യോഹന്നാൻ നാട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചു. അങ്ങനെ പത്തുമാസത്തോളമായി കുടുംബം ഡൽഹിയിലും പാസ്റ്റർ യോഹന്നാൻ കൊട്ടാരക്കരയിലുമായി. അങ്ങനെയാണ് കൃഷിയിലേക്കുള്ള ഇറക്കം.

മട്ടുപ്പാവിൽ പടർന്ന് പന്തലിച്ച്

ആദ്യം ഹൈടെക് കുരുമുളക് കൃഷിയാണ് ആരംഭിച്ചത്. ഇടവിള കൃഷിയായി കാബേജും കോളിഫ്ളവറും പാവലും പടവലവും പയറും വഴുതനയുമൊക്കെ വളർന്നു. യോഹന്നാന്റെ മട്ടുപ്പാവിൽ പച്ചക്കറികൾ പടർന്ന് പന്തലിച്ചപ്പോൾ പ്രദേശത്തുള്ളവർ അതിശയത്തോടെയാണ് മട്ടുപ്പാവ് കൃഷി കണ്ടുനിന്നത്. ബന്ധു നൽകിയ ആഫ്രീക്കൻ ഏത്തവാഴയും നട്ടുവളർത്തി .സാധാരണ നാടൻ ഏത്തവാഴയേക്കാൾ വളരെ പ്രത്യേകതകൾ ഉള്ള കുലയാണത്. ചിലപ്പോൾ ഒന്നോ രണ്ടോ പടല കായ്കൾ മാത്രമേ ഉണ്ടാകൂ.എന്നാൽ ഒരുകായ ഒന്നര അടി നീളവും ഒരു കിലോ തൂക്കവും കാണും. സ്വാദ് നമ്മുടെ നാടൻ ഏത്തകായകളെ പോലെ തന്നെ.ഇപ്പോൾ വിളവെടുപ്പിന്റെ ആഹ്ളാദത്തിലാണ് യോഹന്നാൻ.