v
തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി കൊല്ലം തങ്കശ്ശേരിയിൽ ഒരുക്കിയ പുൽക്കൂട്

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പള്ളിയങ്കണങ്ങളിൽ വിശ്വാസികളുടെ തിരക്കുണ്ടായില്ല. പക്ഷെ അവരുടെ കാതുകളിലേക്ക് തിരുപ്പിറവി ഗീതങ്ങൾ ഒഴുകിയെത്തി. വാടുകളെല്ലാം ആരാധനാലയങ്ങളായി. ക്രിസ്മസ് രാവിൽ നഗരം പതിവുപോലെ വിശ്വാസത്തിന്റെ ലഹരിയിലേക്ക് ഉയർന്നു.

ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചായിരുന്നു നഗരത്തിലെ ദേവാലയങ്ങളിൽ ക്രിസ്മസ് കുർബാന. ഓരോ ദേവാലയങ്ങളിലെയും കുർബാനകളിൽ വിശ്വാസികൾ തത്സമയം വീടുകളിലിരുന്ന് പങ്കാളികളായി. തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിൽ ബിഷപ്പ് പോൾ ആന്റണി മുല്ലശേരി ക്രിസ്മസ് കുർബാനയ്ത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. ദേവാലയങ്ങളിൽ ഇന്നും പതിവ് കുർബാനകൾ ഉണ്ടാകും.

വീടുകളിൽ ഇത്തവണ സമ്മാനങ്ങളുമായി കരോൾ സംഘങ്ങൾ കാര്യമായി എത്തിയില്ല. ജിംഗിൾ ബെൽ പാടിവരുന്ന ക്രിസ്മസ് പപ്പയിൽ നിന്ന് മധുരം വാങ്ങി നുണയാൻ ഇനി അടുത്ത ക്രിസ്മസ് വരെ കാത്തിരിക്കണം.

കച്ചവടത്തിനും ഉണർവ്

കൊവിഡ് മാന്ദ്യത്തിലായിരുന്ന വ്യാപാര സ്ഥാപനങ്ങളിലെല്ലാം ക്രിസ്മസ് അടുത്തതോടെ ആശ്വാസത്തിന്റെ ഇളംകാറ്റ് വീശിയിരുന്നു. വില അല്പം ഉയർന്നെങ്കിലും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും വൻതോതിൽ വിറ്റഴിഞ്ഞു. ഓണത്തിന് ശേഷം കാര്യമായ കച്ചവടം ഇല്ലാതിരുന്ന വസ്ത്രശാലകളും കച്ചവടത്തിരക്കിലായി. പലചരക്ക് വിപണിയിലും ആശ്വാസകരമായ വില്പന നടന്നതായാണ് സൂചന. ബേക്കറികളിലും ക്രിസ്മസ് കേക്ക് വാങ്ങാൻ ഇന്നലെ രാത്രിയും വൻതിരക്കായിരുന്നു.

ഇടപെടലുമായി പൊലീസ്

ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. കൊല്ലം, താന്നി, തങ്കശേരി ബീച്ചുകളിൽ ഇന്ന് ശക്തമായ നിയന്ത്രണങ്ങളുണ്ടാകും. ആൾക്കൂട്ടം ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പിക്കറ്റിംഗിനൊപ്പം ഷാഡോ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.