punalur
പുനലൂർ ടൗണിലെ വ്യാപാരശാലകളിൽ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തുന്ന്.

പുനലൂർ: ക്രിസ്മ‌സ്, പുതുവത്സര ആഘോഷത്തിന്റെ മുന്നോടിയായി പുനലൂർ ടൗണിലെ വ്യാപാരശാലകളിൽ സംയുക്ത സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 30 വ്യാപാരികൾക്കെതിരെ നടപടികൾ സ്വീകരിച്ചു. വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത 5 കട ഉടമകൾക്ക് പുറമെ, കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കച്ചവടം നടത്തിയ 25 വ്യാപാരികൾക്കെതിരെയുമാണ് നടപടികൾ സ്വീകരിച്ചത്. വിലക്കയറ്റവും പൂഴ്ത്തി വയ്പ്പും തടയുന്നതിന് പുറമെ അനധികൃത ലഹരി വസ്തുക്കളുടെ വിപണനവും തടയാനായിരുന്നു റെയ്ഡ് സംഘടിപ്പിച്ചത്. തഹസീൽദാർ സുരേഷ്, താലൂക്ക് സപ്ലൈ ഓഫീസർ ജോൺ തോമസ്‌ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്, എക്സൈസ്, ഭക്ഷ്യ സുരക്ഷാ വകുപ്പുകളിലെ ഉദ്യേഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്.പരിശോധനകൾ വീണ്ടും തുടരുമെന്ന് തഹസീൽദാർ അറിയിച്ചു. പുതുവത്സര ആഘോഷത്തിന്റെ മുന്നോടിയായി അതിർത്തിയിലെ ആര്യങ്കാവിൽ വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്.