 
ഇരവിപുരം: പിതാവിനൊപ്പം ചേർന്ന് യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി പുന്തലത്താഴം പെരുങ്കുളം നഗർ ചരുവിള വീട്ടിൽ ആദർശിനെ (26) ഇരവിപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കഴിഞ്ഞയാഴ്ച ഡീസന്റ് മുക്കിൽ വച്ച് ബൈക്ക് യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായി കൊട്ടാരക്കര ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. ഇയാളുടെ പിതാവ് അഷ്ടപാലനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
ഇക്കഴിഞ്ഞ സെപ്തംബർ 17ന് രാത്രി ഏഴുമണിയോടെ പുന്തലത്താഴം ചൂരാങ്ങൽ പാലത്തിന് സമീപത്ത് വച്ച് പനയം സ്വദേശിയായ മിന്റേഷ് മോഹനെയാണ് ആദർശും പിതാവും ചേർന്ന് ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തുന്നതിന് ഇരവിപുരം പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മറ്റൊരു കേസിൽ പ്രതി റിമാൻഡിൽ കഴിയുകയാണെന്ന് അറിഞ്ഞതിനെ തുടർന്ന് ഇരവിപുരം സി.ഐ വിനോദിന്റെ നേതൃത്വത്തിലാണ് പ്രതിയെ കോടയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയത്.
ആദർശുമായി പൊലീസ് സംഘം ചൂരാങ്ങൽ പാലം, പുന്തലത്താഴം, പുതുച്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. ആക്രമണത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തി. വധശ്രമം, പോക്സോ കേസുകളിലെ പ്രതിയാണ് പിടിയിലായ ആദർശെന്ന് പൊലീസ് പറഞ്ഞു. ഇരവിപുരം എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒ സിജു എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പ് നടത്തിയത്.