
കൊല്ലം: ക്രിസ്മസിനെ വരവേൽക്കാൻ കളക്ടറേറ്റിൽ പാഴ്ക്കുപ്പികൾ കൊണ്ട് എട്ടടി ഉയരത്തിൽ ക്രിസ്മസ് ട്രീ ഒരുക്കി ഹരിത കേരളം മിഷൻ. ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞ 400 പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചാണ് ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്. 1.5 മീറ്റർ വ്യാസത്തിൽ തയ്യാറാക്കിയ ട്രീ ഏവരെയും ആകർഷിക്കുന്ന വിധത്തിൽ മനോഹരമാക്കി കളക്ട്രേറ്റിന് മുൻഭാഗത്തായി സ്ഥാപിച്ചിട്ടുണ്ട്.
പുനരുപയോഗിക്കാൻ പറ്റുന്നവയെ പരമാവധി പ്രയോജനപ്പെടുത്തി ആഘോഷങ്ങൾ പ്രകൃതി സൗഹൃദമാക്കാം എന്ന ആശയമാണ് ഇത്തരത്തിൽ ഒരു ക്രിസ്തുമസ് ട്രീ ഒരുക്കാൻ പ്രേരിപ്പിച്ചതെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക് പറഞ്ഞു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ കെ.എസ്. കാവ്യ, അഞ്ജലി സുരേഷ്, ആർ.എസ്. കാർത്തിക, പി. അഞ്ജലി എന്നിവർ ചേർന്നാണ് ക്രിസ്മസ് ട്രീ ഒരുക്കിയത്.