pathanapuram
pathanapuram

പത്തനാപുരം: കഴിഞ്ഞ ദീപാവലി നാളിലാണ് കുടുംബത്തിന്റെ താങ്ങും തണലുമായവൾ കിടപ്പിലായത്. കല്ലുംകടവിൽ വാടക വീട്ടിൽ താമസിക്കുന്ന 35 വയസുകാരിയായ രാജിയെ പെട്രോൾ പമ്പിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകവേ ഒരു അജ്ഞാത വാഹനം ഇടിച്ചിടുകയായിരുന്നു. റോഡിൽ 15 മിനിട്ടോളംബോധരഹിതയായി കിടന്ന രാജിയെ അതുവഴി വന്ന ഓട്ടോയിൽ ഡ്രൈവറും പമ്പിലെ ജീവനക്കാരും ചേർന്ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തലയിടിച്ച് നിലത്ത് വീണ രാജിക്ക് ബോധം തിരികെ ലഭിച്ചെങ്കിലും കയ്യിലെ ഒടിവും കാലിലെ മൂന്ന് ഒടിവുകളും എഴുന്നേറ്റ് നടക്കാനാകാത്ത സ്ഥിതിയിലാക്കി.

ചികിത്സാച്ചെലവ് താങ്ങാവുന്നതിനപ്പുറം

പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന വൃദ്ധരായ അച്ഛനും അമ്മയ്ക്കും 8 -ാം ക്ലാസിൽ പഠിക്കുന്ന മകൾക്കും ഏക ആശ്രയമായിരുന്നു രാജി. പത്തനാപുരത്ത് കല്ലുംകടവിലെ സ്വകാര്യ പെട്രോൾ പമ്പിലായിരുന്നു രാജിക്ക് ജോലി. വീട്ട് വാടകയും മകളുടെ വിദ്യാഭ്യാസ ചിലവും രോഗികളായ മാതാപിതാക്കളുടെ മരുന്നും വീട്ടിലെ ചെലവുകളും പമ്പിൽ നിന്നുള്ള തൃശ്ചമായ വരുമാനത്തിലാണ് ഒതുക്കിയിരുന്നത്.രാജി കിടപ്പിലായതോടെ ദുരിതത്തിലായിരിക്കയാണ് ഈ കുടുംബം. ഇതു വരെയുള്ള ചികിത്സയ്ക്ക് നല്ലതുക ചെലവായി. പമ്പ് ഉടമയും മറ്റ് ജീവനക്കാരും നാട്ടുകാരുമാണ് ഇതുവരെ ചികിത്സ നടത്തിയത്. ഒടിഞ്ഞ് തൂങ്ങിയ കാലുകളിൽ കമ്പി ഇട്ടിരിക്കുകയാണ്.തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി അഡ്മിറ്റാക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. അതിനുള്ള ചെലവ് എങ്ങനെ കണ്ടെത്തുമെന്ന വിഷമത്തിലാണ് രാജിയുടെ കുടുംബം.

ഇടിച്ചിട്ട വാഹനം കണ്ടെത്തിയിട്ടില്ല

അപകടത്തെ തുടർന്ന് പത്തനാപുരം പൊലീസിൽ പരാതി നല്കിയെങ്കിലും ഇടിച്ചിട്ട വാഹനം കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് അപകട ഇൻഷ്വറൻസ് ക്ലയിം ചെയ്യാനുമാകാത്ത സ്ഥിതിയിലാണ്.രാജിയുടെ ഭർത്താവ് ഉപേക്ഷിച്ച് പോയിട്ട് വർഷങ്ങളാകുന്നു. വാടക വീട്ടിൽ താമസിക്കുന്ന ഇവർക്ക് റേഷൻ കാർഡോ,​ ചികിത്സാ കാർഡോ മറ്റ് രേഖകളോ ഇല്ലാത്തതും ബുദ്ധിമുട്ടിലാക്കുന്നു. രാജിയുടെ ചികിത്സയ്ക്കായി സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ രാജിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ പത്തനാപുരം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ: ബി.രാജി മോൾ

അക്കൗണ്ട് നമ്പർ: 40585101020117. IFSC : KLGB0040585. ഫോൺ: 9562953822.