qac

കൊല്ലം: നഗരത്തിലെ ശാന്തപാതയായി അറിയപ്പെട്ടിരുന്ന ക്യു.എ.സി റോഡിൽ ഇപ്പോൾ ഭീതിയുടെ നിഴലാണ്. സ്ഥലത്ത് തമ്പടിക്കുന്ന യാചക സംഘങ്ങളും ഇതരസംസ്ഥാനക്കാരും നഗരത്തെയാകെ വിറപ്പിക്കുകയാണ്. സ്ഥലത്ത് തമ്പടിക്കുന്നവരുടെ കൂട്ടത്തിൽ ക്രിമിനൽ കേസുകളിലെ പ്രതികളും ലഹരി വില്പനക്കാരുമുണ്ട്. ഒരു കൂട്ടർ പകലും രാവും ഇവിടെത്തന്നെ ചെലവഴിക്കുമ്പോൾ മറ്റൊരു കൂട്ടർ രാത്രികാലങ്ങളിൽ മാത്രമാണ് ഇവിടേക്ക് എത്തുന്നത്. ഒരുമിച്ച് മദ്യപിച്ച ശേഷം തമ്മിൽ തല്ലുന്നതാണ് ഇവരുടെ പതിവ് പരിപാടി. സ്ത്രീകളും ഇവരുടെ കൂട്ടത്തിലുണ്ട്.

മൂന്ന് ദിവസം മുമ്പ് ക്യു.എ.സി റോഡിലെ നടപ്പാതയിൽ സ്ഥലത്ത് പതിവായി അന്തിയുറങ്ങുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് കുത്തേറ്റ് മരിച്ചതാണെന്ന് അറിഞ്ഞത്. സ്ഥലത്ത് തമ്പടിച്ചിരുന്ന തമിഴ്നാട് സ്വദേശി മദ്യലഹരിയിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സമീപപ്രദേശങ്ങളിൽ നടന്ന മോഷണങ്ങളിലും കവർച്ചാ ശ്രമങ്ങളിലും ഇവർക്ക് പങ്കുള്ളതായി സംശയമുണ്ട്. പലരുടെയും ഭാണ്ഡക്കെട്ടുകളിൽ നിന്ന് മൂർച്ഛയേറിയ ആയുധങ്ങളും ചുറ്റികയും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു.

സന്നദ്ധ സംഘടനകൾ പതിവായി ഭക്ഷണം എത്തിച്ച് നൽകുന്നത് കൊണ്ടാണ് പലരും ഇവിടം വിട്ടുപോകാത്തത്. ഭക്ഷണപ്പൊതികൾ കുറവാണെങ്കിലും തമ്മിൽ തല്ലുണ്ടാകാറുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഇവരെ നഗരസഭ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ലോക്ക്ഡൗൺ കഴിഞ്ഞതോടെ എല്ലാവരും വീണ്ടും നടപ്പാതയിലേക്കെത്തി.

നടപ്പാതകളിൽ തമ്പടിക്കുന്നവരെ ഭയന്ന് തൊട്ടടുത്തുള്ളവർ രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങാനും ഭയക്കുകയാണ്. ട്രെയിൻ ഗതാഗതം ആരംഭിച്ചിട്ടില്ലാത്തതിനാൽ രാത്രികാലങ്ങളിൽ കാര്യമായി കാൽനടയാത്രക്കാർ ഇതുവഴി പോകാറില്ല. നേരത്തെ ട്രെയിനിറങ്ങി വീടുകളിലേക്ക് പോകുന്നവർ ഭയന്നാണ് സഞ്ചരിച്ചിരുന്നത്.