 
ഏരൂർ: ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപം മൂടിയില്ലാതെ തുറന്നുകിടക്കുന്ന ഓട വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും അപകടക്കെണിയാകുന്നു. മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിച്ച ഓട പലഭാഗത്തും മൂടിയില്ലാതെ തുറന്നു കിടക്കുകയാണ്.ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കാത്തത് പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്.
വലിയ ദുരന്തമുണ്ടായേക്കാം
ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി സ്കൂളിന് മുന്നിലെ കാത്തിരിപ്പ്കേന്ദ്രം പൊളിച്ച് നീക്കിയിരുന്നു.അതിനാൽ സ്കൂളിന് എതിർവശത്തെ കടത്തിണ്ണയിലാണ് കുട്ടികൾ ബസ് കാത്തു നിൽക്കുന്നത്.ബസ് വരുമ്പോൾ ധൃതിപിടിച്ച് റോഡിലേയ്ക്കിറങ്ങുമ്പോൾ പലരും കാല്തെറ്റി ഓടയിൽ വീഴുന്നത് പതിവാകുന്നു.ഓടയുടെ വശങ്ങളിലെങ്ങാനും തട്ടിയാണ് വീഴുന്നതെങ്കിൽ വലിയ ദുരന്തത്തിന് സാക്ഷ്യം വഹിയ്ക്കേണ്ടിവരുമെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു.തുറന്നു കിടക്കുന്ന ഓട മൂടിയിടാൻ വേണ്ട നടപടികൾ എത്രയും വേഗം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.