
കൊല്ലം: അഭയകേസ് അട്ടിമറിക്കാൻ ഹൈക്കോടതി രജിസ്ട്രാറായിരുന്ന എ.വി. രാമകൃഷ്‌ണപിള്ള ഇടപെട്ടിട്ടുണ്ടെന്ന എറണാകുളം മുൻ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് വി.ടി. രഘുനാഥന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു. 2006ൽ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടിയുള്ള സി.ബി.ഐയുടെ മൂന്നാം റഫർ റിപ്പോർട്ട് പരിഗണിച്ചത് എറണാകുളം സി.ജെ.എം ആയിരുന്ന വി.ടി. രഘുനാഥനാണ്. സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടുകളിൽ അപകാത തോന്നിയ കോടതി, അഭയയുടെ മൃതദേഹം കണ്ടെത്തിയ കോട്ടയം പയസ് ടെന്റ്ത് കോൺവെന്റ് നേരിട്ട് സന്ദർശിക്കുമെന്ന് ഉത്തരവിട്ടു. അഭയ കിടന്ന മുറി, അഭയ പുലർച്ചെ വെള്ളമെടുക്കാൻ പോയ ഫ്രിഡ്ജ്, മൃതദേഹം കിടന്ന കിണർ എന്നിവ നേരിട്ട് കണ്ട് സി.ബി.ഐ അന്വേഷണ സംഘത്തിനാവശ്യമായ നിർദ്ദേശം നൽകാനാണ് കോടതി ലക്ഷ്യമിട്ടത്.
ഉത്തരവിറങ്ങിയതിന് തൊട്ടടുത്ത ദിവസം മുതൽ അന്നത്തെ ഹൈക്കോടതി രജിസ്ട്രാർ എ.വി. രാമകൃഷ്‌ണപിള്ള കേസ് പൂർണമായും ഇല്ലാതാക്കാൻ നേരിട്ട് ഇടപെട്ടെന്നാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വി.ടി. രഘുനാഥൻ പറഞ്ഞത്. ഉത്തരവിറങ്ങി അടുത്തദിവസം കോടതിയിലെത്തിയപ്പോൾ രജിസ്ട്രാർ നിരവധി തവണ വിളിച്ചിരുന്നെന്ന് ജീവനക്കാർ അറിയിച്ചു. ഇതേ തുടർന്ന് തിരികെ വിളിച്ചപ്പോൾ പയസ് ടെന്റ്ത് കോൺവെന്റിൽ പരിശോധനയ്ക്ക് പോയോ എന്ന് രജിസ്ട്രാർ എ.വി. രാമകൃഷ്ണപിള്ള അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ പോകരുതെന്ന് രജിസ്ട്രാർ നിർദ്ദേശിച്ചു. കോടതിയുത്തരവ് തിരുത്താനാകില്ലെന്ന് അറിയിച്ചപ്പോൾ ഒരു ജഡ്‌ജിയുടെ നിർദ്ദേശമാണെന്നായിരുന്നു മറുപടി. ഉത്തരവ് മറികടക്കാൻ ഉപരി കോടതിയുടെ നിർദ്ദേശം വേണമെന്നാവർത്തിച്ചപ്പോൾ നിർബന്ധമാണോയെന്ന് രജിസ്ട്രാർ വീണ്ടും ചോദിച്ചു. അതേയെന്ന് മറുപടി നൽകിയതോടെ സംഭാഷണം അവസാനിച്ചു. തുടർന്നാണ് കോടതിയിലെത്തി ജോലിയിലേക്ക് കടന്നത്. ഉച്ചഭക്ഷണത്തിനായി തിരികെ ചേംബറിലെത്തുമ്പോൾ ഹൈക്കോടതിയിൽ നിന്ന് പ്രത്യേക ദൂതനെത്തി അഭയകേസുമായി ബന്ധപ്പെട്ട രേഖകൾ എടുത്തുകൊണ്ടുപോയെന്ന് ജീവനക്കാർ അറിയിച്ചെന്നുമാണ് രഘുനാഥൻ വ്യക്തമാക്കുന്നത്.
ദിവസൾക്കുള്ളിൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് വി.ടി. രഘുനാഥനെ സ്ഥലംമാറ്റി. എറണാകുളത്ത് പകരം സി.ജെ.എം നിയമനം നടത്തിയതുമില്ല. മറ്റൊരു സി.ജെ.എം വന്നാലും കോടതിയുത്തരവനുസരിച്ച് സ്ഥലപരിശോധന നടത്തേണ്ടിവരുമെന്നതിനാൽ മൂന്നുമാസത്തോളം എറണാകുളത്ത് സി.ജെ.എമ്മിനെ നിയമിച്ചില്ല. സ്ഥലപരിശോധനാതീരുമാനം ഹൈക്കോടതി പിന്നീട് റദ്ദാക്കിയതിന് ശേഷമാണ് നിയമനം നടത്തിയത്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഇടപെടലിനെ തുടർന്നാണ് ഹൈക്കോടതി രജിസ്ട്രാർ എ.വി. രാമകൃഷ്ണപിള്ള അഭയക്കേസ് അട്ടിമറിക്കാൻ ഇടപെട്ടതെന്ന് പിന്നീട് മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നെന്നും വി.ടി. രഘുനാഥൻ പറഞ്ഞു. അഭയ കേസ് അട്ടിമറിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫ് നിരന്തര ഇടപെടൽ നടത്തിയെന്നും ജുഡിഷ്യറി പലപ്പോഴും ഒരു പരിധി വരെ അതിന് വഴങ്ങിയെന്നും കഴിഞ്ഞ ദിവസവും ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്‌ക്കൽ ആരോപിച്ചിരുന്നു.