c

കൊല്ലം: പ്രസന്ന ഏണസ്റ്റിനെ കൊല്ലം കോർപ്പറേഷൻ മേയറാക്കാൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമാണ് പ്രസന്ന. 2010 മുതൽ നാല് വർഷം മേയറായി പ്രവർത്തിച്ചിട്ടുണ്ട്. 2000ൽ കൊല്ലം കോർപ്പറേഷൻ രൂപീകരിച്ചത് മുതൽ ഇടതുമുന്നണിയാണ് ഭരണം കൈയാളുന്നത്. അഡ്വ. സബിത ബീഗം, എൻ. പത്മലോചനൻ, അഡ്വ. വി. രാജേന്ദ്രബാബു, ഹണി ബെഞ്ചമിൻ എന്നിവരാണ് പ്രസന്ന ഏണസ്റ്റിനെ കൂടാതെ കോർപ്പറേഷൻ മേയർമാരായി പ്രവർത്തിച്ചിട്ടുള്ളത്. ഹണി ബെഞ്ചമിൻ മാത്രമാണ് സി.പി.ഐയിൽ നിന്ന് മേയറായിട്ടുള്ളത്. അവാസനത്തെ ഒരു വർഷം മേയർ പദവി വിട്ടുനൽകണമെന്ന ആവശ്യം സി.പി.ഐ ഇത്തവണയും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ഇന്ന് സി.പി.എമ്മിൽ ധാരണയായേക്കും. കഴിഞ്ഞ രണ്ട് തവണകളായി അവസാന ഒരു വർഷം മേയർ പദവി സി.പി.ഐയ്ക്ക് നൽകുന്നുണ്ട്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എക്‌സ്. ഏണസ്റ്റിന്റെ ഭാര്യയാണ് പ്രസന്ന ഏണസ്റ്റ്.

കൊല്ലം കോർപ്പറേഷൻ

ഡിവിഷനുകൾ: 55

സി.പി.എം: 29

സി.പി.ഐ 10

ബി.ജെ.പി 6

കോൺഗ്രസ് 6

ആർ.എസ്.പി 3

എസ്.ഡി.പി.ഐ 1

ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

നഗര ഹൃദയത്തിലെ താമരക്കുളം ഡിവിഷനിൽ നിന്ന് 181 വോട്ടുകൾക്കാണ് പ്രസന്ന ഏണസ്റ്റ് വിജയിച്ചത്. പ്രസന്നയെ മേയറാക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനത്തിന് ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി അംഗീകാരം നൽകും. അതിന് ശേഷം മാത്രമേ പാർട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുള്ളൂ. തിങ്കളാഴ്ചയാണ് കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് നടക്കുന്നത്. 29 ഡിവിഷനുകൾ നേടിയ സി.പി.എമ്മിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്.