 
കൊട്ടാരക്കര: ആനക്കോട്ടൂർ സ്കൂൾ ജംഗ്ഷനിലും മാന്താനത്ത് തൊടിന്റെ വശങ്ങളിലും വ്യാജമദ്യ വിൽപ്പന വ്യാപകമാകുന്നതായി പരാതി.മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും ഉപദ്രവം പെരുകിയതോടെ ഇവിടെ ജന ജീവിതം ദുസഹമായി മാറി. വൃശ്ചിക ചിറപ്പ് കാലത്തുപോലും ഈ സാമൂഹ്യ വിരുദ്ധരെ ഭയന്ന് ക്ഷേത്രദർശനത്തിന് പോലും സ്ത്രീകൾ ഉൾപ്പടെയുള്ള ആരും പുറത്തിറങ്ങുന്നില്ല.
പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച്
രാപകൽ ഭേദമെന്യേ മദ്യവിൽപ്പനയും മദ്യപാനവും മാന്താനത്ത് തോടുമുതൽ സമീപത്തുള്ള മുണ്ടുപാറ തോടുവരെ വ്യാപകമാണ്. മദ്യപിച്ചശേഷം കുപ്പിയും ഗ്ളാസും ഭക്ഷണ മാലിന്യവും തോട്ടിൽ വലിച്ചെറിയുന്നത് തോടിന്റെ ഒഴുക്കിനെപോലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ടൗണിൽ നിന്ന് അൽപ്പം അകന്ന് തോട്ടിൻകര കേന്ദ്രീകരിച്ച് നടത്തുന്ന മദ്യവിൽപ്പനയും മദ്യപാനവും പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് നടത്തുന്നതിനുവേണ്ടിയാണ്.വൈകിട്ട് 5 മണി ആകുമ്പോഴേക്കും പല ദിക്കുകളിൽ നിന്നുമായി പത്തും ഇരുപതും ബൈക്കുകളിൽ യുവാക്കൾ മദ്യപിക്കാനെത്താറുണ്ട്.ബിവറേജസിൽ നിന്ന് മദ്യം വാങ്ങി ചില്ലറ വിൽപ്പനനടത്തുന്ന ചെറു സംഘങ്ങളാണ് ഈ ചെറുപ്പക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്.
കൊവിഡിനെ വകവയ്ക്കാതെ
കഴിഞ്ഞ പത്തു ദിവസമായി ആനക്കോട്ടൂർ പ്രദേശം കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണുമാണ്. ഇത് വകവയ്ക്കാതെയാണ് മദ്യപ സംഘങ്ങൾ ഇവിടെ ഒത്തുകൂടുന്നത്.
പൊലീസ് എക്സൈസ് വിഭാഗങ്ങളുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.മദ്യപിച്ച് ഈ സാമൂഹ്യ വിരുദ്ധ സംഘങ്ങൾ പലപ്പോഴും തമ്മിൽ തല്ലുകയുംചെയ്യുന്നുണ്ട്.