thrikaruva
തൃക്കരുവ എസ്.എൻ.വി സംസ്കൃത ഹൈസ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ ഭരണസമിതി അംഗമായിരുന്ന ലളിതാമണി ടീച്ചറിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് സഹോദരി ശൈലജയിൽ നിന്ന് സ്കൂളിലെ വിദ്യാർത്ഥിനി ശ്രീന ഏറ്റുവാങ്ങുന്നു. സ്കൂൾ എച്ച്.എം എം.കെ. അനിത, ആർ. ബിന്ദു, എം. വീണ എന്നിവർ സമീപം

കൊല്ലം: തൃക്കരുവ എസ്.എൻ.വി സംസ്കൃത ഹൈസ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ആയുർവേദത്തിൽ സംസ്കൃത ഭാഷയ്ക്കുള്ള പ്രാധാന്യം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. ആയുർവേദാചാര്യൻ കെ.കുഞ്ഞിരാമൻ വൈദ്യരുടെ മകനും ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ പ്രഥമ ഡയറക്ടറുമായ ഡോ. പി.കെ. മോഹൻലാൽ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ കാവിള എം. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.

പുത്തൂർ എസ്.എൻ ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എൻ.എസ്. അജയഘോഷ് മുഖ്യപ്രഭാഷണം നടത്തി. ആശ്രാമം ഗവ. ആയുർവേദ ആശുപത്രി ത്വക്ക് രോഗ വിഭാഗത്തിലെ ഡോ. സി. മുകുന്ദൻ തമ്പി, ചെന്നൈ ജയേന്ദ്ര സരസ്വതി ആയുർവേദ കോളേജിലെ അസി. പ്രൊഫസർ ഡോ. എ.എസ്. അനൂപ്, പോളയത്തോട് ശാന്തി ആയുർവേദ ആശുപത്രിയിലെ ഡോ. കെ. സുരേഷ് ബാബു, അഞ്ചാലുംമൂട് സൗഖ്യശാന്തി ആയൂർ മഠത്തിലെ ഡോ. സി. പത്മകുമാർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

സ്കൂൾ ഭരണസമിതി അംഗവും മാതൃകാ അദ്ധ്യാപികയ്ക്കുള്ള ദേശീയഅവാർഡ്‌ ജേതാവുമായ കാവിള എം. ലളിതാമണി ടീച്ചറുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് ടീച്ചറുടെ സഹോദരി എം. ശൈലജ എസ്.എസ്.എൽ.സി പരീക്ഷയിൽ സോഷ്യൽ സയൻസ് വിഷയത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ എസ്. ശ്രീനയ്ക്ക് നൽകി. ഡോ. കെ. ഇന്ദുലേഖ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.കെ. അനിത, അദ്ധ്യാപിക ആർ. ബിന്ദു, ആശാ അജിത്ത് തുടങ്ങിയവർ സംസാരിച്ചു.