
സാം കെ. ഡാനിയൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൊല്ലം മധു കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുമാകാൻ സാദ്ധ്യത
കൊല്ലം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കാൻ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് യോഗം ഇന്ന് ജില്ലാ ആസ്ഥാനത്ത് കൂടും. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സാം കെ. ഡാനിയലിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും അഞ്ചാലുംമൂട് മണ്ഡലം അസി. സെക്രട്ടറി കൊല്ലം മധുവിനെ ഡെപ്യൂട്ടി മേയറായും തീരുമാനിക്കാനാണ് സാദ്ധ്യത. കാവനാട് ഡിവിഷനിൽ 130 വോട്ടിന് ബി.ജെ.പിയെ പരാജയപ്പെടുത്തിയാണ് കൊല്ലം മധു ജയിച്ചുകയറിയത്. ചടയമംഗലം ഡിവിഷനിൽ നിന്ന് 9,385 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് സാം കെ. ഡാനിയൽ ജില്ലാ പഞ്ചായത്ത് കൗൺസിലിൽ എത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പാർട്ടി ജില്ലാ കമ്മിറ്റിയംഗം അനിൽ എസ്. കല്ലേലിഭാഗത്തെ പരിഗണിക്കണമെന്ന അഭിപ്രായം ഒരു വിഭാഗം ഉയർത്തിയെങ്കിലും സാം കെ. ഡാനിയലിനാണ് മുൻതൂക്കം. തൊടിയൂർ ഡിവിഷനിൽ നിന്ന് 7,414 വോട്ടിനാണ് അനിൽ വിജയിച്ചത്. എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും ജില്ലാ സെക്രട്ടറിയായിരുന്ന സാം കെ. ഡാനിയൽ മുമ്പ് പാർട്ടി ജില്ലാ അസി. സെക്രട്ടറിയായിരുന്നു. ഇളമാട് പഞ്ചായത്ത് പ്രസിഡന്റായും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യ രണ്ടരവർഷം പ്രസിഡന്റ് പദവി സി.പി.ഐക്ക്
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ധാരണയനുസരിച്ച് ജില്ലാ പഞ്ചായത്തിൽ ആദ്യ രണ്ടരവർഷം പ്രസിഡന്റ് പദവി സി.പി.ഐയ്ക്കാണ്. 28ന് ഉച്ച കഴിഞ്ഞ് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പും 30ന് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.
സാം കെ. ഡാനിയൽ
ജില്ലാ പഞ്ചായത്ത് ചടയമംഗലം ഡിവിഷൻ
ഭൂരിപക്ഷം : 9,385
കൊല്ലം മധു
കൊർപ്പറേഷൻ കാവനാട് ഡിവിഷൻ
ഭൂരിപക്ഷം: 130