ഓച്ചിറ: പട്രോളിംഗിന് പോയ ഓച്ചിറ എസ്.ഐ നിയാസിനേയും സംഘത്തേയും ആക്രമിച്ച സംഘത്തിലെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പടന്നയിൽ തെക്കതിൽ ജയിത് (36) സഹോദരൻ ജിത്ത് (33) അനുപ് നിവാസിൽ അരുൺ (26) മുല്ലശ്ശേരിൽ പ്രിൻസ് (41) പുതുവേൽ വീട്ടിൽ പ്രിൻസ് (31) എന്നിവരാണ് അറസ്റ്രിലായത്. ഇന്നലെ പുലർച്ചേ വളളിക്കാവ് എൻജിനീയറിംഗ് കോളേജിന് സമീപം റോഡിൽ മദ്യപിച്ച് അഴിഞ്ഞാടിയ സംഘത്തോട് പിരിഞ്ഞ് പോകാൻ എസ്.ഐ നിയാസ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് തുടക്കം. തുടർന്ന് എസ്. ഐയെ പിടിച്ച് തള്ളുകയും കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. കൂടുതൽ പൊലീസ് എത്തി 5 പേരെയും പിടി കൂടുകയായിരുന്നു. കണ്ടാലറിയാവുന്ന 7 പേരുടെ പേരിൽ കേസടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.