ele
പട്ടാപ്പകൽ കാട്ടാന കൂട്ടം

പുനലൂർ: തെന്മല പഞ്ചായത്തിലെ ചാലിയക്കര - മാമ്പഴത്തറ വനപാതയിൽ പട്ടാപ്പകൽ കാട്ടാനക്കൂട്ടമിറങ്ങി. കാട്ടാനകളെ കണ്ട് ഭയന്ന ബൈക്ക് യാത്രികർ തിരികെ മടങ്ങി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. എസ്.എൻ.ഡി.പി യോഗം മാമ്പഴത്തറ ശാഖാ പ്രസിഡന്റ് ചന്ദ്രശേഖരനുമൊത്ത് ബൈക്കിൽ വന്ന യുവാവാണ് കാട്ടാന കൂട്ടം റോഡിൽ ഇറങ്ങി നിൽക്കുന്നത് കണ്ടത്. ഇത് കണ്ട് ഇവർക്കൊപ്പമെത്തിയ മറ്ര് ബൈക്ക് യാത്രക്കാരും തിരികെ മടങ്ങി. ഒന്നര മണിക്കൂറിന് ശേഷം വീണ്ടും ബൈക്കിൽ തിരികെയെത്തിയപ്പോൾ കാട്ടാന കൂട്ടം റോഡിൽ നിന്നും കയറി സമീപത്തെ പാതയോരത്ത് നിലയുറപ്പിച്ചു.ഇത് കണ്ട യാത്രക്കാർ അമിത വേഗതയിൽ വാഹനം ഓടിച്ചു രക്ഷപ്പെടുകയായിരുന്നു.

വനപാലകർനടപടിയെടുക്കണം

കഴിഞ്ഞ പത്ത് വർഷമായി പട്ടാപ്പകൽ പോലും കാട്ടാനകൾ കൂട്ടമായി വനപാതയിൽ ഇറങ്ങി നിൽക്കാറുണ്ട്.പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്ന് ചാലിയക്കര വഴി മാമ്പഴത്തറയിലേക്ക് വരുന്ന ബസുകളുടെ മുന്നിൽ കാട്ടാന കൂട്ടം ഇറങ്ങി നിൽക്കുന്നത് പതിവ് സംഭവമാണ്. ഇത് കാരണം മണിക്കൂറുകളോളം ബസ് റോഡിൽ ഒതുക്കിയിടാറുണ്ട്.കാട്ടാനകൾ വനത്തിനുള്ളിൽ കയറി പോയ ശേഷമാണ് ബസ് കടന്ന് പോകുന്നത്. ഇത് കൂടാതെ പഞ്ചായത്തിലെ മാമ്പഴത്ത- കുറവൻതാവളം തുടങ്ങിയ മേഖലകളിലെ താമസക്കാർ വനപാത വഴിയാണ് പുനലൂർ ടൗണിൽ എത്തുന്നത്.ഇതിൽ വിദ്യാർത്ഥികളും യുവാക്കളും ഇരു ചക്രവാഹനങ്ങളിലാണ് കടന്ന് പോകുന്നത്.ഇവരിൽ പലരും കാട്ടാനകളെ കണ്ട് ഭയന്ന് ബൈക്ക് ഉപേക്ഷിച്ച് തിരികെ മടങ്ങുന്നതും പതിവാണ്. എന്നാൽ വനപാലകർ വന്യമൃഗങ്ങളുടെ ശല്യം ഒഴുവാക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമായി