 
കൊല്ലം: ക്രിസ്‌മ്സ് അവധി ആഘോഷിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനം കൊല്ലം നഗരത്തിലേക്ക് ഒഴുകുന്നു. ക്രിസ്മസ് ദിനത്തിൽ നൂറുകണക്കിന് കുടുംബങ്ങളാണ് ബീച്ചിലെ മണൽപ്പരപ്പിൽ ഒത്തുകൂടിയത്. ഇരുൾ പരന്ന് തുടങ്ങിയതോടെ ജനങ്ങളെ ബീച്ചിൽ നിന്ന് പിൻമാറ്റാൻ പൊലീസിന് ഇടപെടേണ്ടി വന്നു.
നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കാഴ്ചയുടെ സൗന്ദര്യം തേടി കൊല്ലത്തേക്ക് എത്തുന്നവരിൽ അധികവും കുടുംബങ്ങളാണ്. ബീച്ച്, ആശ്രാമം, വ്യാപാര കേന്ദ്രങ്ങൾ, മാളുകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ എത്തുന്നവർ കൊവിഡിന് മുമ്പുള്ള കാലത്തെ പോലെ ഭക്ഷണശാലകളെ സജീവമാക്കുകയാണ്.
കൊല്ലം തേവള്ളി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവം ആരംഭിച്ചതോടെ ജില്ലയിലെ ഗ്രന്ഥശാലാ പ്രവർത്തകരും പുസ്തക പ്രേമികളും കൊല്ലത്തേക്ക് എത്തുന്നുണ്ട്. പുസ്‌തകം വാങ്ങാനെത്തുന്നവർ കൊല്ലത്ത് ഏറെനേരം ചെലവഴിച്ചാണ് മടങ്ങുന്നത്.
ജനുവരി നാലിന് കോളേജുകൾ കൂടി തുറക്കുന്നതോടെ നഗരത്തിൽ ജനത്തിരക്ക് ഇനിയുമേറും. ബീച്ചിൽ ഒത്തുകൂടുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ പൊലീസ് തീരദേശ റോഡിലും ബീച്ചിലുമായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ബീച്ചിൽ സൗകര്യങ്ങളേറെ
അടുത്തിടെ ഒന്നരക്കോടിയോളം രൂപ മുടക്കിയാണ് കൊല്ലം ബീച്ചിന്റെ വലിപ്പം ഇരുഭാഗത്തേക്കും വർദ്ധിപ്പിച്ചത്. ബീച്ചിലെ അപകടങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ടൂറിസം വകുപ്പിന്റെ ഇടപെടൽ. ഇതോടെ ജനങ്ങൾ ഒരു ഭാഗത്ത് മാത്രം ഒത്തുകൂടുന്ന പതിവിന് മാറ്റമുണ്ടാകും. മണൽപ്പരപ്പ് വിശാലമാക്കിയതിനൊപ്പം കൂടുതൽ ഇരിപ്പിടങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ മറക്കല്ലേ
കൊവിഡിനൊപ്പം ജീവിക്കാൻ ശീലിച്ചെങ്കിലും സുരക്ഷാ മുൻകരുതലുകൾ മറക്കുന്നത് അപകടമാണ്. സാമൂഹിക അകലം പാലിക്കാൻ തിരക്കിനിടെ പലർക്കും കഴിയാറില്ല. പക്ഷേ, മൂക്കും വായും മറയുന്ന തരത്തിൽ ഗുണനിലവാരമുള്ള മാസ്ക് ധരിക്കേണ്ടത് അനിവാര്യമാണ്. തിരക്കിനിടയിലൂടെ മാസ്ക് ധരിക്കാതെ സഞ്ചരിക്കുന്നവരും ഇപ്പോൾ നഗരക്കാഴ്ചകളിൽ പതിവാണ്.