
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിന്റെ വിവിധ മേഖലകളിൽ നടന്നുകൊണ്ടിരുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. താലൂക്കിന്റെ വിവിധ മേഖലകളിൽ കിഫ്ബി വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചും നിർമ്മാണം ആരംഭിച്ച പ്രവൃത്തികൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടർന്ന് നിറുത്തി വച്ചിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞ് ആഴ്ച്ചകൾ പിന്നിട്ടിട്ടും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാത്തതിനാൽ പരിസരവാസികൾ ദുരിതത്തിലായി.
മണ്ണും പൊടിയും വീടുകളിലേയ്ക്ക്
കാരാളിമുക്ക് - തലയിണ ക്കാവ് - കടപുഴ റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പൊളിച്ചിട്ടിരിക്കുന്ന റോഡിലെ മണ്ണും പൊടിയും വാഹനങ്ങൾ കടന്നു പോകുന്നതനുസരിച്ച് സമീപത്തെ വീടുകളിലേക്കാണ് പറന്നു കയറുന്നത്. പ്രായമായവരും കുട്ടികളും ഉൾപ്പടെയുള്ള പരിസരവാസികൾക്ക് അതേറെ ബുദ്ധിമുട്ടാവുന്നുണ്ട്. മറ്റു പല റോഡുകളിലും ഒന്നാം ഘട്ടം ടാറിംഗ് പൂർത്തിയായെങ്കിലും പല സ്ഥലങ്ങളിലും കലുങ്ക് നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നതിനാൽ ടാറിംഗ് പൂർത്തിയാകാത്ത സ്ഥിതിയാണ്.
റെയിൽവേ സ്റ്റേഷൻ - കാരാളിമുക്ക് റോഡും
15 ലക്ഷം രൂപ നവീകരണച്ചെലവ്
റെയിൽവേ സ്റ്റേഷൻ - കാരാളിമുക്ക് റോഡ് നവീകരണവും ഇഴഞ്ഞു നീങ്ങുകയാണ്. റോഡ് ടാർ ചെയ്ത് വശങ്ങളിൽ ഇന്റർ ലോക്ക് കട്ട പാകുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിങ്കെലും മോശം കാലവസ്ഥയെ തുടർന്ന് നിറുത്തിവെച്ച നിർമ്മാണ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പായതോടെ അനന്തമായി തടസപ്പെട്ടിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ 6 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ 9 ലക്ഷം രൂപയും ചേർത്ത് 15 ലക്ഷം രൂപയാണ് ഈ റോഡിന്റെ നവീകരണത്തിനായി വകയിരുത്തി നിർമ്മാണം ആരംഭിച്ചത്.
മാലിന്യവും തെരുവ് നായ്ക്കളും
രെയിൻ സർവീസുകൾ ഭാഗികമായി പുന:സ്ഥാപിച്ചതോടെ റോഡ് പിന്നെയും യാത്രക്കാരാൽ സജീവമായി.റോഡിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഇറച്ചി മാലിന്യം ഉൾപ്പടെ നിക്ഷേപിക്കാൻ തുടങ്ങിയതോടെ പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണ് .മാത്രമല്ല തെരുവ് നായയുടെ ശല്യവും വർദ്ധിച്ചിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് കാമറ സ്ഥാപിക്കുവാൻ തൂൺ സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും കാമറ സ്ഥാപിക്കുവാൻ കരാറുകാർ ഇതുവരെ തയ്യാറാകാത്തതും കനത്ത പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്