
പത്തനാപുരം: തലവൂർ അലക്കുഴിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അലക്കുഴി ജംഗ്ഷനിലെ കടകളിലിരുന്നവരെ ഒാടിച്ചിട്ട് കടിച്ച പേപ്പട്ടി വീട്ടുമുറ്റത്ത് നിന്നവരെയും ആക്രമിച്ചു. അലക്കുഴി മൈലാടുംകുഴി വീട്ടിൽ നാഥൻ (53), കിഴക്കേ അറ്റത്ത് വീട്ടിൽ ബാലൻ (65), സിമി ഭവനിൽ
ജോർജ് കുട്ടി (62), ജിബിൻ ഭവനിൽ ജിജോ (38), പള്ളിക്കൽ സ്വദേശിനി സൗമ്യ, ആനക്കോട്ടൂർ സ്വദേശിനി ലാവണ്യ എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. പേപ്പട്ടിയുടെ ആക്രമണത്തിൽ ജോർജ് കുട്ടിയുടെ കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. നാഥന്റെ മുഖത്തും മൂക്കിനുമാണ് കടിയേറ്റത്. പ്രദേശത്ത് കുറച്ച് നാൾ മുൻപും പേപ്പട്ടിയുടെ ആക്രമണത്തിൽ ധാരാളം വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിരുന്നു. രണ്ടാഴ്ച്ച മുൻപ് പത്തനാപുരം ജംഗ്ഷനിലും കടയ്ക്കാ മണ്ണിലുമായി 20ൽ അധികം പേർക്ക് പേപ്പട്ടിയുടെ അക്രമണത്തിൽ കടിയേറ്റിരുന്നു. മേഖലയിൽ പേപ്പട്ടി ശല്യം രൂക്ഷമായതോടെ ഭീതിയിലാണ് പ്രദേശവാസികൾ.