c

കൊല്ലം: ഇല്ലായ്മകളോട് പോരാടി സ്വപ്‌നങ്ങൾ സഫലമാക്കി മുന്നേറുമ്പോഴും സഹജീവികളോട് അതിരുകളില്ലാതെ കനിവ് കാട്ടിയ വ്യക്തിത്വമായിരുന്നു മുല്ലത്തറ ഭരതൻ. 1930ൽ തഴുത്തല തെങ്ങയ്യത്ത് വീട്ടിൽ പരമുവിന്റെയും നാരായണിയുടെയും മൂത്ത മകനായി ജനനം. ജീവിതദുരിതങ്ങൾ മൂലം പുത്തൻനട എൽ.പി.എസിൽ നാലാം ക്ലാസ് കഴിഞ്ഞതോടെ വിദ്യാഭ്യാസം നിറുത്തി അച്ഛന്റെ മോരു കച്ചവടത്തിൽ സഹായിയായി. ബാലവേല നിരോധിക്കാത്ത അന്നത്തെ കാലഘട്ടത്തിൽ കയർപിരിക്കാൻ സഹായിയായും കശുഅണ്ടി ഫാക്ടറിയിൽ കൂലിപ്പണി ചെയ്തും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ അച്ഛനും അമ്മയും ഉൾക്കൊള്ളുന്ന എട്ടംഗ കുടുംബത്തെ നോക്കി. കഠിനാദ്ധ്വാനത്തിലൂടെ സ്വരൂപിച്ച പണം കൊണ്ട് സിംഗപ്പൂരിലെത്തി. ഇരുപത് സംവത്സരങ്ങൾ പ്രവാസിയായി.
ഇതിനിടയിൽ മുണ്ടയ്ക്കൽ ദേവയാനി മന്ദിരത്തിൽ ദേവയാനിയെ വിവാഹം കഴിച്ചു ജീവിതപങ്കാളിയാക്കി. രണ്ട് ആൺമക്കൾ. മൂത്തമകൻ അപകടം മൂലം അകാലത്തിൽ വേർപെട്ടു. രണ്ടാമത്തെ മകൻ കുടുംബസമേതം മുല്ലത്തറയിൽ താമസം.
അചഞ്ചലനായ ഗുരുദേവ വിശ്വാസിയായിരുന്നു മുല്ലത്തറ ഭരതൻ. അക്കാലത്ത് ആർ. ശങ്കറിന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണഗുരുദേവന്റെ ചതയദിനാഘോഷങ്ങളിൽ പങ്കെടുത്ത് സ്വന്തം വാഹനങ്ങൾ ആഘോഷങ്ങൾക്കായി വിട്ടുകൊടുത്തുകൊണ്ട് പൊതുസേവനത്തിന് തുടക്കംകുറിച്ചു. തുടർന്ന് ഇരവിപുരം 477-ാം നമ്പർ ശാഖയുടെ ഗുരുമന്ദിരത്തിൽ സ്ഥാപിക്കുന്നതിനുള്ള ഗുരുദേവ പ്രതിമ നൽകി.
അകാലത്തിൽ പൊലിഞ്ഞ മൂത്തമകന്റെ സ്മരണയ്ക്കായി മുല്ലത്തറ രാജീവ് മെമ്മോറിയൽ ട്രസ്റ്റ് രൂപീകരിച്ചു. എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ താൻ പഠിച്ച പുത്തൻനട എൽ.പി.എസിലെ എല്ലാ കുട്ടികൾക്കും യൂണിഫോം നൽകി. തുടർന്ന് സംസ്ഥാന സർക്കാർ സംസ്ഥാനത്തെ എല്ലാ സ്കൂളിലെയും കുട്ടികൾക്ക് യൂണിഫോം നൽകുന്നതുവരെ നീണ്ട 17 വർഷക്കാലം, ഏകദേശം 300 ഓളം കുട്ടികൾക്ക് പ്രതിവർഷം യൂണിഫോം നൽകി വന്നു. കഴിഞ്ഞ 10 വർഷമായി കയർ തൊഴിലാളി സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു. ഈ അടുത്തകാലത്താണ് മുണ്ടയ്ക്കൽ അഗതിമന്ദിരത്തിലെ അന്തേവാസികളുടെ ക്ഷേമത്തിനുവേണ്ടി ഒരുലക്ഷം രൂപ മേയറെ ഏല്പിച്ചത്.