bridge

 ജനുവരി ആദ്യവാരം പൈലിംഗ്

കൊല്ലം: പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണത്തിനുള്ള പൈലിംഗ് അടുത്തമാസം ആദ്യവാരം ആരംഭിക്കും. അഷ്ടമുടിക്കായലിൽ പൈലിംഗിനുള്ള ഒരുക്കങ്ങൾ നിർമ്മാണ കമ്പനി തുടങ്ങി. പൈലിംഗിനുള്ള നിർമ്മാണ സാമഗ്രികൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

396 മീറ്റർ നീളമുള്ള പാലത്തിന് 80 പൈലുകളാണ് ഉള്ളത്. മണ്ണ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ 40 മുതൽ 50 മീറ്റർ വരെ ആഴത്തിലാകും പൈലിംഗ് നടത്തുക. പൂർത്തിയാകാൻ കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കും. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടക്കുമെന്നാണ് കണക്കുകൂട്ടൽ.

തൂക്കുപാലത്തിന്റെ നിർമ്മാണ ശൈലി കൂടി സമന്വയിപ്പിച്ചാണ് പെരുമൺ പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ പരിചയമുള്ള ശൈലിയല്ലാത്തതിനാൽ ഭൂരിഭാഗം നിർമ്മാണ കമ്പനികളും പാലം നിർമ്മാണം ഏറ്റെടുക്കാൻ വൈകി. റീ ടെണ്ടറിലൂടെ ആദ്യം കരാർ ലഭിച്ച കമ്പനി പിന്മാറുകയും ചെയ്തു. പിന്നീട് മന്ത്രിസഭാ യോഗം ടെണ്ടറിൽ പങ്കെടുത്ത രണ്ടാമത്തെ കമ്പനിക്ക് നിർമ്മാണ അനുമതി നൽകുകയായിരുന്നു.

അതിവേഗമെത്താൻ രണ്ട് പാലങ്ങൾ

പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ മൺറോത്തുരുത്തുകാർക്ക് അതിവേഗം കൊല്ലം നഗരത്തിലെത്താം. പടിഞ്ഞാറേ കല്ലടയെയും മൺറോത്തുരുത്തിനെയും ബന്ധിപ്പിക്കുന്ന കണ്ണങ്കാട്ട് കടവ് പാലം നിർമ്മാണത്തിനുള്ള നടപടികളും അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. രണ്ട് പാലങ്ങളും യാഥാർത്ഥ്യമാകുമ്പോൾ കുന്നത്തൂർ, ശാസ്താംകോട്ട ഭാഗങ്ങളിലുള്ളവർക്ക് അതിവേഗം നഗരത്തിലെത്താം.

ജങ്കാറിന് പുതിയ കടവായില്ല

നിലവിലെ ജങ്കാർ കടവിന് മുകളിലൂടെയാണ് പുതിയ പാലം വരുന്നത്. ഇതിന് പകരം പെരുമൺ ഭാഗത്ത് മാത്രമാണ് പുതിയ കടവിനുള്ള ധാരണയായത്. തുരുത്തിൽ കടവിനുള്ള സ്ഥലം കണ്ടെത്തൽ അനന്തമായി നീളുകയാണ്.

പാലത്തിന്റെ നീളം 396 മീറ്റർ

ആകെ പൈലുകൾ 80

പൈലുകളുടെ ആഴം 40 - 50 മീറ്റർ