 
24 ലക്ഷം രൂപചെലവിൽ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയാ സൗകര്യമൊരുങ്ങുന്നു. പുതുവർഷ ആരംഭത്തിൽ പ്രവർത്തനം തുടങ്ങും. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സഹായത്തോടെ 24 ലക്ഷം രൂപയ്ക്കാണ് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ആവശ്യമായ ഉപകരണങ്ങൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. പുതിയ ഓപ്പറേഷൻ തീയേറ്ററിൽ അനുബന്ധ ഉപകരണങ്ങൾകൂടി ലഭ്യമാക്കേണ്ടതുണ്ട്. ഇതുകൂടി സജ്ജമാക്കിയാൽ ഉടൻതന്നെ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് തുടക്കമിടാൻ കഴിയും. സർജറി വിഭാഗത്തിലെ ഡോ.വി.വിനുവിനാണ് താക്കോൽദ്വാര ശസ്ത്രക്രിയാ സംവിധാനങ്ങളുടെ ചുമതല. സ്വകാര്യ ആശുപത്രികളിൽ രണ്ടുലക്ഷം രൂപവരെ ചെലവ് വരുന്ന താക്കോൽദ്വാര ശസ്ത്രക്രിയകൾ സൗജന്യ നിരക്കിൽ നടത്താവുന്ന വിധമാണ് താലൂക്ക് ആശുപത്രിയിൽ ക്രമീകരിക്കുന്നത്.
ആദ്യ താലൂക്ക് ആശുപത്രി
താക്കോൽദ്വാര ശസ്ത്രക്രിയാ സംവിധാനം ഏർപ്പെടുത്തുന്ന ജില്ലയിലെ ആദ്യ താലൂക്ക് ആശുപത്രിയാകും കൊട്ടാരക്കര. സർജറി, ഗൈനക്കോളജി വിഭാഗങ്ങളിലെ വിവിധ ശസ്ത്രക്രിയകൾ ഇനി താക്കോൽദ്വാര സംവിധാനങ്ങളിലേക്ക് മാറും. ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് ഉടൻതന്നെയോ അടുത്ത ദിവസമോ വീടുകളിലേക്ക് പോകാനുമാകും.
മിനി മെഡിക്കൽ കോളേജ് ആകും
താലൂക്ക് ആശുപത്രി മിനി മെഡിക്കൽ കോളേജ് ആക്കി ഉയർത്തുന്നതിന്റെ നിർമ്മാണ ജോലികൾ നടന്നുവരികയാണ്. 92 കോടി രൂപ ചെലവിൽ എട്ട് നിലകളുള്ള കെട്ടിട സമുച്ചയമാണ് ഇവിടെ തയ്യാറാക്കുന്നത്. ഇതിന്റെ അദ്യഘട്ടമെന്ന നിലയിൽ 64.2 കോടി രൂപയുടെ നിർമ്മാണ ജോലികളാണ് തുടങ്ങിയിട്ടുള്ളത്. പി.ഐഷാപോറ്റി എം.എൽ.എയുടെ ശ്രമഫലമായി കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
കൂടുതൽ സുരക്ഷിതം
രോഗികൾക്ക് കൂടുതൽ സുരക്ഷിതമായ ശസ്ത്രക്രിയാ സംവിധാനമാണ് താക്കോൽ ദ്വാര ശസ്ത്രക്രിയാ വിഭാഗം തുടങ്ങുന്നതോടെ ലഭ്യമാവുക. ശരീരം കീറിമുറിയ്ക്കുന്നത് പരമാവധി ഒഴിവാക്കാൻ കഴിയും. അണുബാധ, തുന്നലിന്റെ പാട്, വേദന എന്നിവയില്ലാതെ ശസ്ത്രക്രിയ നടത്താം.(ഡോ.സുനിൽകുമാർ, ആശുപത്രി സൂപ്രണ്ട്)