kollam-thodu
കൊല്ലം തോട്ടിൽ നിന്ന് ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് മാറ്റുന്നു

കൊല്ലം: ജലകേളീ കേന്ദ്രം മുതൽ കച്ചിക്കടവ് വരെയുള്ള മൂന്നാം റീച്ചിലെ മെല്ലെപ്പോക്ക് കൊല്ലം തോട് വികസനത്തെ പ്രതിസന്ധിയിലാക്കുന്നു. രണ്ടര വർഷം മുൻപ് കരാറായ ഈ റീച്ചിൽ പത്ത് ശതമാനം നവീകരണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. എന്നാൽ ഒരു വർഷം മുൻപ് കരാറായ രണ്ടാം റീച്ചിന്റെ 40 ശതമാനം നവീകരണം പൂർത്തിയായി.

മെല്ലെപ്പോക്കിനെ തുടർന്ന് 1.8 കിലോ മീറ്റർ നീളത്തിലുള്ള മൂന്നാം റീച്ചിലെ കരാർ നിർവഹണ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നീട്ടിനൽകി. ഈ റീച്ചിൽ 2,630 മീറ്റർ നീളത്തിലാണ് പാർശ്വഭിത്തി കെട്ടേണ്ടത്. ഇതിൽ 170 മീറ്റർ മാത്രമാണ് പൂർത്തിയായത്. ഗതാഗതം സുഗമമാക്കാൻ 56,000 മീറ്റർ ക്യൂബ് മണൽ നീക്കം ചെയ്യണം. ഇതിൽ 5,000 മീറ്റർ ക്യൂബ് മാത്രമാണ് നീക്കിയത്.

ഇനി രണ്ട്, മൂന്ന് റീച്ചുകൾ മാത്രം

ആറ് റീച്ചുകളായി നടക്കുന്ന കൊല്ലം തോട് നവീകരണത്തിൽ ആറാം റീച്ച് വർഷങ്ങൾക്ക് മുൻപേ നവീകരിച്ചിരുന്നു. ഒന്ന്, നാല്, അഞ്ച് റീച്ചുകൾ ഒരു വർഷം മുൻപ് ഏകദേശം പൂർത്തിയായി.രണ്ടും മൂന്നും റീച്ചുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

മണൽ ബീച്ച് പരിപാലനത്തിന്

മൂന്നാം റീച്ചിൽ നിന്ന് ഡ്ര‌ഡ്ജ് ചെയ്തെടുക്കുന്ന മണൽ കൊല്ലം ബീച്ചിൽ നിക്ഷേപിച്ച് തീരം പരിപാലിക്കാൻ കളക്ടർ നിർദ്ദേശിച്ചു. അഞ്ച് കിലോ മീറ്റർ അകലെയുള്ള ഇരവിപുരം സുനാമി ഫ്ലാറ്റിൽ നിക്ഷേപിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത്ര ദൂരം കൊണ്ടുപോകേണ്ടി വരുന്നത് കരാറുകാരന് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നതിനാലാണ് പുതിയ തീരുമാനം. കളക്ടറുടെ നിർദ്ദേശപ്രകാരം രണ്ടാം റീച്ചിലെ മണലും കടൽത്തീരങ്ങളിലാണ് നിക്ഷേപിക്കുന്നത്.

 മൂന്നാം റീച്ച് - നടപ്പിലായത് 10 % നവീകരണം

 പാർശ്വഭിത്തി കെട്ടേണ്ടത് 2,630 മീറ്റർ, പൂർത്തിയായത് 170 മീറ്റർ

 നീക്കം ചെയ്യേണ്ട മണൽ 56,000 മീറ്റർ ക്യൂബ്, നീക്കം ചെയ്തത് 5000 മീറ്റർ ക്യൂബ്