photo
കരുനാഗപ്പള്ളി പട്ടണത്തിൽ പൂത്തുലഞ്ഞ ചെടികൾക്കൊപ്പം എൻ.എസ്.എസ് വാളണ്ടിയർമാർ

കൊല്ലം: കരുനാഗപ്പള്ളി പട്ടണത്തിലെ ചെടികൾ പൂത്തുലഞ്ഞപ്പോൾ നട്ടുനനച്ചവർക്ക് ആഹ്ളാദം!, കൂടുതൽ ചെടികൾ നട്ടുപിടിപ്പിച്ച് ഒന്നാം വാർഷികവും അവർ ആഘോഷമാക്കി. കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീമിലെ വാളണ്ടിയർമാരാണ് കരുനാഗപ്പള്ളി പട്ടണത്തിലെ ഡിവൈഡറുകളിൽ നട്ടുപരിപാലിച്ച പൂക്കൾ കാണാനും പുതിയ തൈകൾ നടാനുമെത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 23ന് നട്ട അരളിച്ചെടികളുടെ തൈകളാണ് പട്ടണത്തിന് വേറിട്ട സൗന്ദര്യക്കാഴ്ചയായി പൂത്തുലഞ്ഞത്. കുട്ടികളാണ് നട്ടതെങ്കിലും പരിപാലിക്കാൻ നഗരസഭാ അധികൃതരും ശ്രദ്ധിച്ചിരുന്നു. വീണ്ടും തൈകൾ നടാൻ കുട്ടികളുടെ സംഘം വരുന്നെന്നറിഞ്ഞതോടെ നഗരസഭാ അധികൃതരും പ്രദേശവാസികളും ഒപ്പംകൂടി. ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ രണ്ടാംഘട്ട തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ സെക്രട്ടറി ഫൈസൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ.ആർ. തുളസീദാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ എ. സിന്ധു, ശ്രീജ രവീന്ദ്രൻ, കരുനാഗപ്പള്ളി എസ്.ഐ അലക്സാണ്ടർ അലോഷ്യസ്, സുരേഷ്, അഷിത, ശാലിനി, ഡോ. മീന, സീനത്ത്, തസ്ളീം, അഖില കാർത്തിക് എന്നിവർ നേതൃത്വം നൽകി.