kollam-corporation

കൊല്ലം: കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11നും ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2നും നടക്കും. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായി താമരക്കുളത്ത് നിന്ന് വിജയിച്ച സി.പി.എം ജില്ലാ കമ്മിറ്റി അംഗം പ്രസന്ന ഏണസ്റ്റും ഡെപ്യൂട്ടി മേയറായി കാവനാട് നിന്ന് വിജയിച്ച സി.പി.ഐ അഞ്ചാലുംമൂട് മണ്ഡലം അസി. സെക്രട്ടറി കൊല്ലം മധുവും മത്സരിക്കും.

യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായി വടക്കേവിള കൗൺസിലർ എസ്. ശ്രീദേവിഅമ്മയും എൻ.ഡി.എ സ്ഥാനാർത്ഥിയായി തേവള്ളിയിൽ നിന്നുള്ള എസ്. ഷൈലജയും മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ശക്തികുളങ്ങരയിൽ നിന്നുള്ള ആർ.എസ്.പി കൗൺസിലർ എം. പുഷ്പാംഗദനും എൻ.ഡി.എയിൽ നിന്ന് പാലത്തറയിൽ വിജയിച്ച എ.അനീഷ് കുമാറും മത്സരിക്കും.

വലിയ ഭൂരിപക്ഷമുള്ളതിനാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തന്നെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ വിജയിക്കും. ചാത്തിനാംകുളത്ത് നിന്നുള്ള എസ്.ഡി.പി.ഐ കൗൺസിലർ കൗൺസിൽ ഹാളിൽ എത്തുമെങ്കിലും വോട്ടെടുപ്പിൽ പങ്കെടുക്കില്ല.

നഗരസഭാ കൗൺസിൽ ഹാളിലാണ് തിരഞ്ഞെടുപ്പ്. കളക്ടർ വരണാധികാരിയായിരിക്കും. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ടൗൺ ഹാളിൽ പ്രത്യേകം അനുമോദന യോഗങ്ങൾ നടക്കും.

ജോർജ് ഡി. കാട്ടിൽ യു.ഡി.എഫ് നേതാവ്

പോർട്ട് കൗൺസിലറും ഡി.സി.സി സെക്രട്ടറിയുമായ ജോർജ് ഡി. കാട്ടിലാണ് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ്. മങ്ങാട് നിന്ന് വിജയിച്ച ടി.ജി. ഗിരീഷാണ് കൗൺസിലിലെ എൻ.ഡി.എ നേതാവ്