thodiyoor-scooter
തൊടിയൂർ മുഴങ്ങോടി ശ്രീഭദ്രാഭഗവതി ക്ഷേത്രത്തിന് മുന്നിൽ തീപിടിച്ച് നശിച്ച സ്‌കൂട്ടറും തകർന്ന നിലയിൽ കാണപ്പെട്ട മാർബിൾ ഫലകവും

തൊടിയൂർ: മുഴങ്ങോടി കളരി ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിന്റെ മതിലിനോട് ചേർത്ത് നിറുത്തിവച്ചിരുന്ന ക്ഷേത്രം ശാന്തിക്കാരന്റെ സ്‌കൂട്ടർ സാമൂഹ്യവിരുദ്ധർ തീവച്ച് നശിപ്പിക്കുകയും മതിലിൽ സ്ഥാപിച്ചിരുന്ന ക്ഷേത്രഫലകം അടിച്ചു തകർക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 7.45 ഓടെ പൂജകഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്നതിനായി ക്ഷേത്രശാന്തിക്കാരനായ ധരികുമാർ സ്‌കൂട്ടർ എടുത്തെങ്കിലും സ്റ്റാർട്ടായില്ല. തുടർന്ന് സ്‌കൂട്ടർ ക്ഷേത്രത്തിന് മുൻവശത്തെ റോഡരികിൽ മതിലിനോട് ചേർത്ത് വച്ചിട്ടാണ് വീട്ടിലേയ്ക്ക് പോയത്. ക്ഷേത്രഭരണ സമിതി സെക്രട്ടറിയും സമീപത്തെ താമസക്കാരനുമായ മധുസൂദനൻപിള്ള രാത്രി 12 മണിയോടെ സ്‌ഫോടനശബ്ദംകേട്ട് നോക്കിയപ്പോഴാണ് ക്ഷേത്രത്തിന് മുന്നിൽ തീ ആളിക്കത്തുന്നത് കണ്ടത്. ഉടൻ തന്നെ കരുനാഗപ്പള്ളി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും കെ.എൽ 23 എൻ. 3827 എന്ന നമ്പരിലുള്ള ആക്ടീവ സ്‌കൂട്ടർ പൂർണമായും കത്തിനശിച്ചിരുന്നു. വാഹനത്തിൽ നിന്ന് ഇളക്കി മാറ്റിയ 'സ്പീഡോമീറ്റർ, മിറർ എന്നിവ തൊട്ടടുത്ത പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിനു മുന്നിലായി മതിലിൽ സ്ഥാപിച്ചിരുന്ന വഴിപാടുകൾ വിവരിക്കുന്ന മാർബിൾ ഫലകവും അടിച്ചുതകർത്തു. ഇതിന്റ ഒരു ഭാഗം കത്തിയ സ്‌കൂട്ടറിന് സമീപത്ത് നിന്ന് കണ്ടെത്തി. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.