photo
ഉപ്പ് വെള്ളം കയറുന്ന മണ്ണേൽക്കടവ് ചീപ്പിൽ നാട്ടുകാർ പലക നിരത്തുന്നു.

മണ്ണേൽക്കടവ് ചീപ്പിൽ പലക നിരത്തി

കരുനാഗപ്പള്ളി : ശക്തമായ വേലിയേറ്റത്തെ തുടർന്ന് മണ്ണേൽക്കടവ് ചീപ്പ് വഴി ഉപ്പുവെള്ളം കയറുന്നത് തടയാൻ പലക നിരത്തി മണ്ണിട്ട് താത്കാലിക പരിഹാരമുണ്ടാക്കി. കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷനിൽ മണ്ണേൽക്കടവിൽ നിന്ന് ആരംഭിക്കുന്ന തോട് വഴിയാണ് ഉപ്പുവെള്ളം കയറി ഇടവിളക്കൃഷി നശിക്കുന്നത്. ഇതിനെപ്പറ്റി കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഡിവിഷൻ കൗൺസിലർ സീമ സഹജനും നഗരസഭാ അധികൃതരും മുൻകൈയെടുത്താണ് ഉപ്പുവെള്ളം കയറുന്നിടത്ത് പലക നിരത്തി മണ്ണിട്ടത്.

സ്ഥിരം ഷട്ടർ സ്ഥാപിക്കണം

വേലിയേറ്റം ശക്തമാകുന്ന നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ഈ പ്രദേശങ്ങളിൽ ഉൾപ്പെടെ നഗരസഭയുടെ തീരമേഖലയിൽ ഉപ്പുവെള്ളം കയറുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. മണ്ണേൽക്കടവിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ സ്ഥിരം ഷട്ടർ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.