leadrers

കൊല്ലം: കോർപ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഭരണ സാരഥികളുടെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൊല്ലം കോർപ്പറേഷനിലെ മേയർ, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, പരവൂർ മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺ എന്നിവരുടെ തിരഞ്ഞെടുപ്പ് രാവിലെ 11ന് നടക്കും. ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടിനാണ്. തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുമ്പോൾ മത്സരാർത്ഥിയുടെ പേര് കൗൺസിൽ അംഗങ്ങളിൽ ആരെങ്കിലും ഒരാൾ നിർദേശിക്കുകയും മറ്റൊരംഗം പിന്താങ്ങുകയും ചെയ്യണം. ഒന്നിൽ കൂടുതൽ അംഗങ്ങൾ മത്സരിക്കാനുണ്ടെങ്കിൽ വോട്ടെടുപ്പ് നടത്തും. വരണാധികാരിയുടെ പേരും ഒപ്പും പതിച്ച ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിന് നേരെ ഗുണന ചിഹ്നം രേഖപ്പെടുത്തിയാണ് വോട്ട് ചെയ്യേണ്ടത്. വോട്ട് ചെയ്ത ശേഷം ബാലറ്റിന്റെ പിന്നിൽ പേരും ഒപ്പും രേഖപ്പെടുത്തണം. ഇത്തരത്തിൽ പേരും ഒപ്പമില്ലാത്ത ബാലറ്റുകൾ അസാധുവായി പരിഗണിക്കും. സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ തദ്ദേശ സ്ഥാപനങ്ങളിലെ കക്ഷിബന്ധ രജിസ്റ്ററിൽ അംഗങ്ങൾ ഒപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത് അനുസരിച്ച് രാഷ്ട്രീയ കക്ഷികളിലെ അംഗങ്ങൾക്ക് ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് വ്യക്തമാക്കി പാർട്ടി നേതൃത്വം വിപ്പ് നൽകും. വിപ്പ് അനുസരിച്ച് വോട്ട് ചെയ്യാത്ത രാഷ്ട്രീയ കക്ഷികളുടെ അംഗങ്ങൾ അയോഗ്യതാ നടപടികൾ ഉൾപ്പെടെ നേരിടേണ്ടി വരും. കൂടുതൽ വോട്ട് നേടി തിരഞ്ഞെടുക്കപ്പെടുന്ന അംഗം മേയർ, ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി ചെയർപേഴ്സൺ പദവികളിൽ വരാണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.