
കൊല്ലം: ഇടത് മുന്നണി ആധിപത്യം നേടിയ പത്ത് ബ്ലോക്ക് പഞ്ചായത്തുകളിലും 44 ഗ്രാമ പഞ്ചായത്തുകളിലും അധികാര വിഭജനം കീഴ്‌വഴക്കം അനുസരിച്ച് പൂർത്തിയാക്കും. കഴിഞ്ഞ തവണ സി.പി.ഐ ആദ്യ തവണ പ്രസിഡന്റായ തദ്ദേശ സ്ഥാപനങ്ങളിൽ മറിച്ചൊരു ആലോചനയിലേക്ക് മുന്നണി നേതൃത്വം കടക്കില്ല. ചില ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും ആദ്യ ടേം പ്രസിഡന്റ് പദവി സി.പി.എം ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ ഇടയില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജില്ലയിലെ സി.പി.ഐയെ ബുദ്ധിമുട്ടിക്കുന്ന തീരുമാനങ്ങളൊന്നും വേണ്ടെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെയും തീരുമാനം.
തദ്ദേശ സ്ഥാപനങ്ങളിലെല്ലാം സി.പി.എമ്മും സി.പി.ഐയും തമ്മിലാകും പ്രധാനമായും അധികാരം പങ്കിടുന്നത്. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കേരളാ കോൺഗ്രസ് (ബി) പ്രാതിനിധ്യം ഒഴിച്ചാൽ ജില്ലയിൽ മറ്റ് ഘടക കക്ഷികൾ കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. ഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും സി.പി.ഐ ആദ്യം പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ തന്നെയാകും സാദ്ധ്യത. 30നാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ചവറ ബ്ലോക്ക് പഞ്ചായത്തിലും 17 ഗ്രാമ പഞ്ചായത്തുകളിലും മാത്രമാണ് യു.ഡി.എഫിന് അധികാരം ഉറപ്പിക്കാനായത്. ആര്യങ്കാവ്, മൺറോത്തുരുത്ത്, ഓച്ചിറ, പോരുവഴി, തൊടിയൂർ പഞ്ചായത്തുകളിൽ ഒരു മുന്നണിക്കും വ്യക്തമായ മേധാവിത്വം ഇല്ല.