photo
കോട്ടയിൽ രാജു

കരുനാഗപ്പള്ളി: സി.പി.എം കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയംഗം കോട്ടയിൽ രാജു കരുനാഗപ്പള്ളി നഗരസഭാ ചെയർമാനായി ഇന്ന് ചുമതലയേൽക്കും. നമ്പരുവികാല ആറാം ഡിവിഷനിൽ നിന്നാണ് കോട്ടയിൽ രാജു വിജയിച്ചുകയറിയത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം നഗരസഭയിലെത്തുന്നത്. പ്രഥമ നഗരസഭയിൽ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറായിരുന്നു. നമ്പരുവികാല, കോട്ടയിൽ വീട്ടിൽ കർഷക തൊഴിലാളിയായ ഭാസ്കരന്റെയും കശുഅണ്ടി തൊഴിലാളിയായ ജാനമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനാണ് കോട്ടയിൽ രാജു. കൊല്ലം എസ്.എൻ കോളേജിൽ നിന്ന് പ്രീഡിഗ്രി പഠനത്തിന് ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയാ ജോയിന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ഏരിയാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി.പി. എം കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയംഗമാണ്. നിർമ്മാണ തൊഴിലാളി യൂണിയൻ മേഖലാ പ്രസിഡന്റ്, സാന്ത്വന പരിചരണ രംഗത്ത് ശ്രദ്ധേയമായ ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് കെയർ സെക്രട്ടറി, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കൊവിഡ് കാലത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു. പതിനഞ്ചോളം കൊവിഡ് രോഗികളെ സംസ്കരിക്കുന്നതിന് നേതൃത്വം നൽകി. മികച്ച കർഷകൻ കൂടിയായ രാജു നാലര ഏക്കറോളം സ്ഥലത്ത് മത്സ്യം ഉൾപ്പടെയുള്ള വിവിധ കൃഷികളും ചെയ്യുന്നുണ്ട്. മികച്ച കർഷകനുള്ള കരുനാഗപ്പള്ളി നഗരസഭയുടെ അവാർഡും ലഭിച്ചിട്ടുണ്ട്.