
 എൽ.ഡി.എഫിൽ ധാരണ
കൊല്ലം: ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ പ്രസന്ന ഏണസ്റ്റിനെ കൊല്ലം കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി സി.പി.എം ജില്ലാകമ്മിറ്റി തീരുമാനിച്ചു.രാവിലെ 11നാണ് മേയർ തിരഞ്ഞെടുപ്പ്. നഗര ഹൃദയത്തിലെ താമരക്കുളം ഡിവിഷനിൽ നിന്ന് 181 വോട്ടുകൾക്കാണ് പ്രസന്ന ഏണസ്റ്റ് വിജയിച്ചത്. നാലാം തവണയാണ് കൗൺസിലറായത്. 2010 മുതൽ നാല് വർഷക്കാലം കൊല്ലം മേയറായിരുന്നു. അതിന് മുൻപുള്ള ഭരണസമിതികളിൽ ആരോഗ്യം, നികുതി അപ്പീൽകാര്യ സ്ഥിരം സമിതികളുടെ അദ്ധ്യക്ഷയായിരുന്നു. എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഫാത്തിമാ കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണായിരുന്നു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ എക്സ്. ഏണസ്റ്റിന്റെ ഭാര്യയാണ്. മുണ്ടയ്ക്കൽ നിധിയിലാണ് താമസം.
സി.പി.ഐ അഞ്ചാലുംമൂട് മണ്ഡലം അസി. സെക്രട്ടറി കൊല്ലം മധു ഡെപ്യൂട്ടി മേയറായി മത്സരിക്കും. ഇന്നലെ രാത്രിയിൽ അവസാനിച്ച സി.പി.ഐ ജില്ലാ എക്സിക്യുട്ടീവിലാണ് കൊല്ലം മധുവിനെ ഡെപ്യൂട്ടി മേയറാക്കാൻ പാർട്ടി തീരുമാനിച്ചത്. കാവനാട് ഡിവിഷനിൽ 130 വോട്ടിന് ബി.ജെ.പിയെ പരാജയപ്പെടുത്തിയാണ് കൊല്ലം മധു ജയിച്ചുകയറിയത്.
കഴിഞ്ഞ രണ്ട് തവണകളായി അവസാന ഒരു വർഷം മേയർ പദവി സി.പി.ഐയ്ക്ക് നൽകുന്നുണ്ട്. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും മത്സരിക്കും.
 കൊല്ലം കോർപ്പറേഷൻ കക്ഷി നില
ഡിവിഷനുകൾ: 55
സി.പി.എം: 29
സി.പി.ഐ: 10
ബി.ജെ.പി: 6
കോൺഗ്രസ്: 6
ആർ.എസ്.പി: 3
എസ്.ഡി.പി.ഐ: 1