
അഡ്വ. സുമലാൽ വൈസ് പ്രസിഡന്റ്
കൊല്ലം: സാം.കെ. ഡാനിയലിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാൻ സി.പി.ഐ ജില്ലാ എക്സിക്യുട്ടീവിൽ ധാരണ. ചടയമംഗലം ഡിവിഷനിൽ നിന്ന് 9,385 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് സാം.കെ. ഡാനിയൽ ജില്ലാ പഞ്ചായത്ത് കൗൺസിലിൽ എത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തിലേക്ക് പാർട്ടി ജില്ലാ കമ്മിറ്റിയംഗം അനിൽ.എസ്. കല്ലേലിഭാഗത്തിന്റെ പേരും ഉയർന്നിരുന്നു. എന്നാൽ പാർട്ടിയിലെ സീനിയോറിറ്റി പരിഗണിച്ചാണ് ജില്ലാ എക്സിക്യുട്ടീവ് തീരുമാനം സാം.കെ. ഡാനിയലിലേക്ക് എത്തിയത്.എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും ജില്ലാ സെക്രട്ടറിയായിരുന്ന സാം.കെ. ഡാനിയൽ മുൻപ് പാർട്ടി ജില്ലാ അസി. സെക്രട്ടറിയായിരുന്നു. ഇളമാട് പഞ്ചായത്ത് പ്രസിഡന്റായും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി സി.പി.എമ്മിന്റെ നെടുവത്തൂരിൽ നിന്നുള്ള അഡ്വ. സുമലാലിനെയും നിശ്ചയിച്ചു. സി.പി.എം തേവലപ്പുറം ലോക്കൽ കമ്മിറ്റി അംഗവും തെക്കുംപുറം ബ്രാഞ്ച് സെക്രട്ടറിയുമാണ് അഡ്വ. സുമലാൽ. ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുവത്തൂർ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പുത്തൂർ തെക്കുംപുറം മംഗലത്ത് വീട്ടിലാണ് താമസം. കൊട്ടാരക്കര ബാറിലെ അഭിഭാഷകനായ ലാലാണ് ഭർത്താവ്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ധാരണയനുസരിച്ച് ജില്ലാ പഞ്ചായത്തിൽ ആദ്യ രണ്ടരവർഷം പ്രസിഡന്റ് പദവി സി.പി.ഐയ്ക്കാണ്. 30ന് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.