vipin

ഇരവിപുരം: താന്നിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലായി അഞ്ചു പേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് താന്നി സാഗരതീരം സുനാമി ഫ്ലാറ്റ് ബ്ലോക്ക് 24 ഫ്ലാറ്റ് നമ്പർ രണ്ടിൽ ജോഷി (36), തെക്കുംഭാഗം ഐശ്വര്യാനഗർ 240 കോട്ടൂർ പടിഞ്ഞാറ്റതിൽ മൈക്കിൾ (40),​ താന്നി പള്ളിക്ക് സമീപം സി.എസ് നിവാസിൽ ജോസ് (45), താന്നി പള്ളിക്ക് സമീപം വിപിൻ വില്ലയിൽ വിപിൻ വാലണ്ടറി (34), സ്വർ‌ഗപുരം ക്ഷേത്രത്തിന് സമീപം ഐശ്വര്യാ നിവാസിൽ വിഷ്ണുദാസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഘട്ടനത്തിലേർപ്പെട്ട ഇരുവിഭാഗങ്ങളിലുമുള്ളവർക്കെതിരെ കേസുണ്ട്. ഇവരിൽ വിഷ്ണുദാസ് വാദിയായ കേസിലാണ് ജോസ്, ജോഷി, മൈക്കിൾ എന്നിവർ അറസ്റ്റിലായത്. ജോഷി വാദിയായ കേസിൽ വിപിൻ, വിഷ്ണുദാസ് എന്നിവരും അറസ്റ്റിലായത്.

ശനിയാഴ്ച രാത്രി എട്ടരയോടെയാണ് താന്നി ലക്ഷ്മിപുരം തോപ്പിന് സമീപത്ത് വച്ച് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സംഘട്ടനത്തിൽ പരിക്കേറ്റ വിഷ്ണുദാസ്, വിപിൻ എന്നിവർ സ്വകാര്യ മെഡിക്കൽ കോളേജിലും ജോഷി പാലത്തറയിലെ സഹകരണ ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം വിവിധ ആശുപത്രികളിലായി ചികിത്സ തേടിയ പ്രതികളെ സൈബർ സെല്ലിന്റെയും കൊല്ലം ഈസ്റ്റ് പൊലീസിന്റെയും സഹായത്തോടെയാണ് ഇരവിപുരം പൊലീസ് പിടികൂടിയത്

പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ്. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു, പ്രകാശ്, ജി.എസ്.ഐ സുനിൽ, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ രാജേഷ്, മനാഫ്, പ്രമോദ്, ബിജു, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.