shaju-a
എ. ഷാജു

കൊട്ടാരക്കര : കേരള കോൺഗ്രസ്‌ (ബി ) ജില്ലാ പ്രസിഡന്റ്‌ എ. ഷാജു കൊട്ടാരക്കര നഗര സഭ ചെയർമാൻ ആകും. ഇടത് മുന്നണി ധാരണ പ്രകാരമാണ് ആദ്യ രണ്ടു വർഷം ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ്‌(ബി)ക്ക് നൽകിയത്. ശേഷിക്കുന്ന മൂന്നു വർഷത്തിൽ ഒരു വർഷം സി.പി.ഐക്കും രണ്ടു വർഷം സി.പി.എമ്മിനും ചെയർമാൻ സ്ഥാനം വീതം വക്കും. 29 അംഗ നഗര സഭയിൽ ഇടത് മുന്നണിക്ക് 16 അംഗങ്ങൾ ഉണ്ട്. ഇതിൽ ആറുപേർ കേരള കോൺഗ്രസ്‌ അംഗങ്ങൾ ആണ്. ഇതേ തുടർന്നാണ് ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ടത്. കേരള കോൺഗ്രസിൽ ചെയർമാൻ സ്ഥാനം ആർക്കെന്ന കാര്യത്തിൽ തർക്കം ഉടലെടുത്തു. എ. ഷാജുവും മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജേക്കബ് വർഗീസും സ്ഥാനം ആവശ്യപ്പെട്ടത്തോടെ പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ള ഇടപെട്ടു. നിയോജക മണ്ഡലം കമ്മിറ്റി കൂടി അന്തിമ തീരുമാനം എടുക്കാൻ പിള്ള നിർദേശിച്ചതോടെ കെ. ബി. ഗണേഷ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ നിയോജക മണ്ഡലം കമ്മിറ്റി കൂടി. രണ്ട് പേരുകളും ഉയർന്ന സാഹചര്യത്തിൽ വോട്ടിംഗ് നടത്തി. 26 പേർ പങ്കെടുത്ത കമ്മിറ്റിയിൽ 21 പേർ ഷാജുവിന് അനുകൂല വോട്ട് ചെയ്തതോടെയാണ് ഷാജുവിനെ നഗര സഭ ചെയർമാൻ ആക്കാൻ തീരുമാനം ആയത്. കെ. ബി. ഗണേശ് കുമാർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.