 
പ്രസന്ന ഏണസ്റ്റും കൊല്ലം മധുവും അധികാരമേറ്റു
കൊല്ലം: നഗരസഭയുടെ പുതിയ മേയറായി പ്രസന്ന ഏണസ്റ്റും ഡെപ്യൂട്ടി മേയറായി കൊല്ലം മധുവും അധികാരമേറ്റു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 39 എൽ.ഡി.എഫ് കൗൺസിലർമാരുടെയും വോട്ടും നേടിയാണ് ഇരുവരും വിജയിച്ചത്.
പ്രസന്ന ഏണസ്റ്റിനെ എസ്. ഗീതാകുമാരി നിർദ്ദേശിച്ചു. കൊല്ലം മധു പിന്താങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ശ്രീദേവി അമ്മയെ ടെൽസ തോമസ് നിർദ്ദേശിച്ചു. ഹംസത്ത് ബീവി പിന്താങ്ങി. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി. ഷൈലജയെ കൃപ വിനോദ് നിർദ്ദേശിച്ചു. ടി.ജി. ഗിരീഷ് പിന്താങ്ങി.
ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കൊല്ലം മധുവിനെ ഹണി ബഞ്ചമിൻ നിർദ്ദേശിച്ചു. എസ്. ജയൻ പിന്താങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി എം. പുഷ്പാംഗദനെ സുനിൽ ജോസ് നിർദ്ദേശിച്ചു. എസ്. സ്വർണമ്മ പിന്താങ്ങി. എൻ.ഡി.എ സ്ഥാനാർത്ഥിയായി എ. അനീഷ് കുമാറിനെ ടി.ആർ. അഭിലാഷ് നിർദ്ദേശിച്ചു. ബി. ഷൈലജ പിന്താങ്ങി.
നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ കളക്ടർ ബി. അബ്ദുൽ നാസർ വരണാധികാരിയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം കളക്ടർ മേയർക്കും ഡെപ്യൂട്ടി മേയർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് തിരഞ്ഞെടുപ്പുകൾക്ക് ശേഷവും കൗൺസിൽ ഹാളിൽ പ്രത്യേക അനുമോദന യോഗങ്ങൾ നടന്നു.
എൽ.ഡി.എഫ് കൗൺസിലർ കുഴഞ്ഞുവീണു
മേയർ തിരഞ്ഞെടുപ്പിനിടെ ഉദയമാർത്താണ്ഡപുരത്ത് നിന്നുള്ള എൽ.ഡി.എഫ് കൗൺസിലർ സജീവ് സോമൻ കുഴഞ്ഞുവീണു. വോട്ട് രേഖപ്പെടുത്തിയ ശേഷം കസേരയിൽ ഇരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ പ്രവേശിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം നടന്ന ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു.
മേയർ,ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ഒരോ വോട്ട് അസാധു
മേയർ തിരഞ്ഞെടുപ്പിൽ ആശ്രാമത്ത് നിന്നുള്ള ബി.ജെ.പി കൗൺസിലർ സജിദാനന്ദ് ടീച്ചറുടെയും ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൗൺസിലർ എസ്. ശ്രീദേവിഅമ്മയുടെയും വോട്ട് അസാധുവായി. അതിനാൽ ആറ് അംഗങ്ങളുള്ള എൻ.ഡി.എയുടെ മേയർ സ്ഥാനാർത്ഥിക്ക് അഞ്ച് വോട്ടുകളും ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ഒൻപത് അംഗങ്ങളുള്ള യു.ഡി.എഫിന് എട്ട് വോട്ടുകളുമേ ലഭിച്ചുള്ളു.
കൊവിഡ് ചികിത്സയിലായതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കേണ്ടെന്ന് സജിദാന്ദ് ടീച്ചർക്ക് പാർട്ടി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കൊവിഡ് ബാധിതരായ മറ്റ് കൗൺസിലർമാർ പി.പി.ഇ കിറ്റ് ധരിച്ചെത്തിയതോടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പുരോഗമിക്കവെ ആബുലൻസിൽ സജിദാനന്ദ് ടീച്ചറുമെത്തി. വെപ്രാളത്തിനിടയിൽ വോട്ട് രേഖപ്പെടുത്തേണ്ട രീതി വരണാധികാരി വിശദീകരിച്ചത് ശ്രദ്ധിക്കാനായില്ല. സ്ഥാനാർത്ഥിയുടെ പേരിന് നേരെ ഗുണന ചിഹ്നത്തിന് പകരം ശരി ചിഹ്നം രേഖപ്പെടുത്തിയതിനാലാണ് വോട്ട് അസാധുവായത്. ഉച്ചയ്ക്ക് ശേഷം നടന്ന ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശ പ്രകാരം സജിദാനന്ദ് ടീച്ചർ വിട്ടുനിന്നു.
ഡെപ്യൂട്ടി മേയർ തിഞ്ഞെടുപ്പിൽ യു.ഡി.എഫ് കൗൺസിലറായ ശ്രീദേവി അമ്മ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കൊല്ലം മധുവിന്റെ പേരിന് നേരെ ഒപ്പിടുകയായിരുന്നു. ബാലറ്റിന്റെ പിൻവശത്ത് ഒപ്പിട്ടതുമില്ല. ചാത്തിനാംകുളത്തുനിന്നുള്ള എസ്.ഡി.പി.ഐ കൗൺസിലർ കൗൺസിൽ ഹാളിലെത്തിയെങ്കിലും രണ്ട് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
പി.പി.ഇ കിറ്റ് ധരിച്ച് മൂന്ന് കൗൺസിലർമാർ
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് എൽ.ഡി.എഫ് കൗൺസിലർമാർ ഉൾപ്പെടെ മൂന്നുപേർ പി.പി.ഇ കിറ്റ് ധരിച്ചാണ് മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയത്.