sam

 നിയുക്ത പ്രസിഡന്റ് കേരളകൗമുദിയോട്

കൊല്ലം: ഭരണപരിചയവും സംഘടനാപാഠവവും ഉൾക്കൊണ്ടാണ് സി.പി.ഐയിലെ സാം കെ. ഡാനിയേൽ ജില്ലാ പഞ്ചായത്തിന്റെ അമരത്തേക്കെത്തുന്നത്. 30നാണ് ചുമതലയേൽക്കുക. പുതിയ പ്രസിഡന്റിൽ നാടിന് വലിയ പ്രതീക്ഷകളുണ്ട്. നിയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിവിധ വിഷയങ്ങളിൽ കേരളകൗമുദിയോട് സംസാരിക്കുന്നു.


? ഭരണകർത്താവാകുമ്പോൾ മനസിലെ മോഹങ്ങൾ


വാർദ്ധക്യത്തിൽ വീടുകളിൽ ഒറ്റപ്പെടുന്നവർക്കും അഭയമില്ലാതെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവർക്കും അത്താണിയാകണമെന്നത് വർഷങ്ങളായുള്ള മോഹമാണ്. പകൽവീടിനപ്പുറം അവർ അനാഥരല്ലെന്ന് സ്വയം തോന്നിക്കും വിധമുള്ള സംവിധാനമാണ് വേണ്ടത്. മാനസികനില തെറ്റിയ പാവങ്ങൾക്കും സാധാരണക്കാർക്കും ചികിത്സയ്ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും.


? പ്രഥമ പരിഗണന


ജില്ലാ ആശുപത്രി,​ ആയുർവേദ ആശുപത്രി എന്നിവ അടക്കമുള്ള ആതുരാലയങ്ങളിൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനാണ് പ്രഥമ പരിഗണന. ആയുർവേദ ആശുപത്രിയെ ഗവേഷണ കേന്ദ്രമാക്കാനും അതുവഴി എല്ലാത്തരം ചികിത്സകളും ലഭ്യമാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.


? കാർഷിക മേഖലയിൽ


ജില്ലയെ പൂർണമായും തരിശുരഹിതമാക്കും. സുഭിക്ഷകേരളം പദ്ധതിയിൽ ഇതിന് പ്രത്യേക പരിഗണന നൽകും. കർഷകനെയും കാർഷിക ഉത്പന്നങ്ങളെയും സംരക്ഷിക്കുന്ന വിവിധ പദ്ധതികൾ മനസിലുണ്ട്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് കൂടുതൽ കാർഷിക ഉത്പാദനം നടത്താൻ ഗൗരവമായി ആലോചിക്കും. ക്ഷീരകർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കും.


? യുവാക്കൾക്കായി


കുറച്ച് ജിംനേഷ്യങ്ങൾ സ്ഥാപിച്ചിരുന്നു. ഇത് ജില്ലയാകെ വ്യാപിപ്പിക്കും. സൗജന്യമായി നീന്തൽ പരിശീലനം നൽകും. കരീപ്രയിലും പത്തനാപുരത്തുമുള്ള വ്യവസായ പാർക്കുകൾ വേഗത്തിൽ സുസജ്ജമാക്കും. ഇതിലൂടെ ഐ.ടി,​ അനുബന്ധ മേഖലകളിൽ കൂടുതൽ തൊഴിലവസരമുണ്ടാക്കും.


? ജില്ലയുടെ നീറുന്ന പ്രശ്‌നം


ശുദ്ധജലം ജില്ലയുടെ എല്ലാഭാഗത്തും ലഭിക്കുന്നില്ല. പ്രത്യേകിച്ച് കിഴക്കൻ മേഖലകളിൽ. സ്ഥായിയായ പരിഹാരത്തിന് ശ്രമിക്കും.


? മുൻഗണന നൽകുന്ന മറ്റ് കാര്യങ്ങൾ


കൊവിഡിനെ അതിജീവിച്ച് സ്‌കൂൾ തുറക്കുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും. ഫാം ​- മലയോര - തീർത്ഥാടന ടൂറിസങ്ങൾ ആസൂത്രണത്തോടെ നടപ്പാക്കും. കുരിയോട്ടുമല, കോട്ടുക്കൽ ഫാമുകൾ, ഗുഹാക്ഷേത്രം എന്നിവയ്ക്കാണ് പ്രാമുഖ്യം നൽകുക. കുളങ്ങളും തോടുകളും നവീകരിച്ച് ജലസമ്പത്ത് സംരക്ഷിക്കും. സാധാരണക്കാരുടെ ആവശ്യങ്ങൾ കണ്ടെത്തി അവർക്കൊപ്പമുണ്ടാകും ജില്ലാ പഞ്ചായത്തും.