mayor
കൊല്ലം മേ​യ​റാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​പ്ര​സ​ന്ന​ ​ഏ​ണ​സ്റ്റ് ​ചേം​ബ​റി​ലെ​ത്തി​ ​അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന്നു

 പരവൂരിൽ യു.ഡി.എഫിനെ ഭാഗ്യം തുണച്ചു

കൊല്ലം: കൊല്ലം കോർപറേഷനിലും ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിൽ മൂന്നിടത്തും ഇടത് മുന്നണി അധികാരമേറ്റപ്പോൾ പരവൂരിൽ യു.ഡി.എഫിനെ ഭാഗ്യം തുണച്ചു. എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയ കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികൾ വിജയിച്ച് അധികാരത്തിലെത്തി.

തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട കോൺഗ്രസിന് പരവൂരിൽ ഭാഗ്യം തുണച്ചത് ആശ്വാസമായി. ഇടത് മുന്നണി ധാരണ അനുസരിച്ച് കൊട്ടാരക്കരയിൽ കേരളാ കോൺഗ്രസിനാണ് (ബി) ആദ്യ ടേമിൽ ചെയർപേഴ്സൺ സ്ഥാനം. സംസ്ഥാനത്ത് കേരളാ കോൺഗ്രസ് (ബി) ഭരിക്കുന്ന ഏക നഗരസഭയാണിത്. കൊല്ലം കോർപറേഷനിൽ പ്രസന്ന ഏണസ്റ്റിനെ മേയറും കൊല്ലം മധുവിനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു

 കരുനാഗപ്പള്ളിയിൽ കോട്ടയിൽ രാജു

സി.പി.എം കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയംഗം കോട്ടയിൽ രാജു (43) ചെയർപേഴ്സണായി. നമ്പരുവികാല ഡിവിഷൻ കൗൺസിലറാണ്. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്ത് എത്തിയ കോട്ടയിൽ രാജു കരുനാഗപ്പള്ളിയിലെ പ്രഥമ കൗൺസിലിലെ സി.പി.എം പാർലമെന്ററി പാർട്ടി ലീഡറായിരുന്നു. പുള്ളിമൺ ലൈബ്രറി ഡിവിഷനിൽ നിന്നുള്ള സി.പി.ഐയിലെ എ.സുനിമോളാണ് ഡെപ്യൂട്ടി ചെയർപേഴ്സൺ.

 കക്ഷിനില

എൽ.ഡി.എഫ്: 25

യു.ഡി.എഫ്: 6

ബി.ജെ.പി: 4

 പുനലൂരിൽ നിമ്മി എബ്രഹാം

സി.പി.എം പുനലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം നിമ്മി എബ്രഹാം പുനലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഐ.സി ഏജന്റ് കൂടിയായ നിമ്മി മൂന്നാം തവണയാണ് കൗൺസിലറാകുന്നത്. എൽ.ഡി.എഫ് ധാരണ അനുസരിച്ച് ആദ്യ രണ്ടര വർഷം സി.പി.എമ്മിനാണ് ചെയർപേഴ്സൺ പദവി. മൈലക്കൽ ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.ഐയിലെ വി.പി.ഉണ്ണിക്കൃഷ്ണനാണ് വൈസ് ചെയർപേഴ്സൺ.

 കക്ഷിനില

എൽ.ഡി.എഫ്: 21

യു.ഡി.എഫ്: 14

 കൊട്ടാരക്കരയിൽ എ. ഷാജു

കേരള കോൺഗ്രസ് (ബി) ഭരിക്കുന്ന സംസ്ഥാനത്തെ ഏക മുനിസിപ്പാലിറ്റിയാണ് കൊട്ടാരക്കര. ജില്ലാ പ്രസിഡന്റ് എ. ഷാജുവിനെ ചെയർമാനായി തിരഞ്ഞെടുത്തു. മുസ്ലിം സ്ട്രീറ്ര് ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയാണ്. രണ്ട് വർഷം വീതം കേരളാ കോൺഗ്രസും സി.പി.എമ്മും പങ്കിടുന്ന ചെയർമാൻ പദവി ഒരു വർഷം സി.പി.ഐയ്ക്ക് നൽകും. ഇ.ടി.സി ഡിവിഷൻ കൗൺസിലറായ സി.പി.എമ്മിലെ അനിതാ ഗോപകുമാറാണ് വൈസ് ചെയർപേഴ്സൺ.

 കക്ഷിനില

എൽ.ഡി.എഫ്: 16

യു.ഡി.എഫ്: 8

ബി.ജെ.പി: 5

 പരവൂരിൽ പി. ശ്രീജ

ജില്ലയിൽ യു.ഡി.എഫിന് പരവൂരിൽ ഭാഗ്യം തുണച്ചത് ആശ്വാസമായി. 32 അംഗ കൗൺസിലിൽ യു.ഡി.എഫും എൽ.ഡി.എഫും 14 സീറ്റ് വീതം നേടിയതിനാൽ നറുക്കെടുപ്പിലൂടെയാണ് ചെർപേഴ്സണെയും ഡെപ്യൂട്ടി ചെയർപേഴ്സണെയും തിരഞ്ഞെടുത്തത്. എൽ.ഡി.എഫിന്റെ ഒ. ശൈലജ, കോൺഗ്രസിന്റെ പി. ശ്രീജ എന്നിവരിൽ ഭാഗ്യം തുണച്ചത് പി. ശ്രീജയെയാണ്. 23 വർഷങ്ങൾക്ക് ശേഷമാണ് പരവൂരിൽ യു.ഡി.എഫ് അധികാരം നേടിയത്. പക്ഷേ, ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ ഭാഗ്യം എൽ.ഡി.എഫിനൊപ്പമായിരുന്നു. നേരുകടവ് ഡിവിഷനിൽ നിന്നുള്ള സി.പി.എം ഏരിയാ കമ്മിറ്റിയംഗം എ. സഫർകയാൽ ഡെപ്യൂട്ടി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു.

 കക്ഷിനില

എൽ.ഡി.എഫ്: 14

യു.ഡി.എഫ്: 14

ബി.ജെ.പി: 4