 
പരവൂർ : പരവൂർ നഗരസഭയിൽ യു.ഡി.എഫിനെ ഭാഗ്യം തുണച്ചു. 32 അംഗ കൗൺസിലിൽ യു.ഡി.എഫും എൽ.ഡി.എഫും 14 സീറ്റ് വീതം നേടിയതിനാൽ നറുക്കെടുപ്പിലൂടെയാണ് ചെർപേഴ്സണായി പി. ശ്രീജയെയും (യു.ഡി.എഫ്) ഡെപ്യൂട്ടി ചെയർപേഴ്സണായി സഫർ കയാലിനെയും (എൽ.ഡി.എഫ്) തിരഞ്ഞെടുത്തത്. ഇരുവരും തിങ്കളാഴ്ച സ്ഥാനമേറ്റു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് എൽ.ഡി.എഫിൽ നിന്ന് ഒ. ഷൈലജയും യു.ഡി.എഫിൽ നിന്ന് പി. ശ്രീജയും എൻ.ഡി.എയിൽ നിന്ന് ഷീലയുമാണ് മത്സരിച്ചത്. ആദ്യ വോട്ടെടുപ്പിൽ യു.ഡി.എഫിന് 14, എൽ.ഡി.എഫിന് 14, ബി.ജെ.പി.ക്ക് 4 എന്നിങ്ങനെ വോട്ട് ലഭിച്ചു. രണ്ടാമത്തെ വോട്ടെടുപ്പിൽ 4 വോട്ട് നേടിയ ഷീലയെ ഒഴിവാക്കി. തുടർന്ന് പിങ്ക് കളർ ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പ് നടന്നപ്പോൾ ഇരുകൂട്ടരും തുല്യവോട്ട് വീണ്ടും നേടി. 4 ബി.ജെ.പി കൗൺസിലർമാരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. തുടർന്ന് നടന്ന നറുക്കെടുപ്പിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പി. ശ്രീജ വിജയിച്ചത്. ഉച്ചയ്ക്ക് 2 ന് നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ തന്നെയാണ് എൽ.ഡി.എഫിന്റെ സഫർ കയാലിനെ തിരഞ്ഞെടുത്തത്. നേരുകടവ് ഡിവിഷനിൽ നിന്നുള്ള സി.പി.എം ഏരിയാ കമ്മിറ്റിയംഗമാണ് അദ്ദേഹം. രാവിലെ 11 ന് നഗരസഭാ കൗൺസിലേഴ്സ് ഹാളിൽ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ റിട്ട. ഓഫീസർ കെ.സി. ഹരിലാലിന്റെ അദ്ധ്യക്ഷതയിലാണ് നറുക്കെടുപ്പ് നടന്നത്.
ശ്രീജ നഗരസഭയിലെത്തുന്നത് രണ്ടാംതവണ
15-ാം ഡിവിഷനായ കോട്ടമൂലയിൽ നിന്ന് സി.പി.എമ്മിലെ ഷീലയെ 58 വോട്ടിനാണ് പി. ശ്രീജ പരാജയപ്പെടുത്തിയത്. കോട്ടപ്പുറം പണ്ടാരഴികം വീട്ടിൽ പരേതനായ മുരളീധര കുറുപ്പിന്റെ ഭാര്യയാണ് ശ്രീജ. ഏകമകൻ നന്ദൻ പ്ലസ് ടു വിദ്യാർത്ഥിയാണ്. രണ്ടാം തവണയാണ് നഗരസഭയിൽ കൗൺസിലറായി വിജയിക്കുന്നത്. സംഗീതത്തിൽ ബിരുദാനന്തരാ ബിരുദധാരിയാണ്.