madhu
ഡെപ്യൂട്ടി മേയറായ കൊല്ലം മധുവിന് മേയർ പ്രസന്ന ഏണസ്റ്റ് സത്യപ്രതിജ്ഞയ്ക്ക് ശേഷം പൂച്ചെണ്ട് നൽകുന്നു

കൊല്ലം: നന്നായി സ്വപ്നം കാണുന്നവരാണ് എഴുത്തുകാരും ആസ്വാദകാരും. നാടിന്റെ സ്വപ്നങ്ങൾ സാർത്ഥമാക്കുന്നവരാണ് രാഷ്ട്രീയക്കാരും ഭരണകർത്താക്കളും. കൊല്ലത്തിന്റെ പുതിയ ഡെപ്യൂട്ടി മേയർ കൊല്ലം മധു എഴുത്തുകാരനും ആസ്വാദകനും രാഷ്ട്രീയക്കാരനുമാണ്. അദ്ദേഹത്തിന്റെ മനസിൽ നഗരത്തെ കുറിച്ച് നിറയെ സ്വപ്നങ്ങളുണ്ട്. നല്ല സഹൃദയനായതിനാൽ സ്വപ്നങ്ങളെല്ലാം സർഗാത്മകമാണ്. തഴക്കം ചെന്ന രാഷ്ട്രീയക്കാരനുമായതിനാൽ അതെല്ലാം സാർത്ഥമാകുമെന്ന് പ്രതീക്ഷിക്കാം.

കൊല്ലം മധു പറയുന്നു: 'കൊല്ലത്തെ മെട്രോ നഗരമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. കൊല്ലത്തിന്റെ ചരിത്ര പെരുമകൾ സംരക്ഷിക്കും. തനത് പ്രകൃതി സമ്പത്തുകൾ സംരക്ഷിച്ചുള്ള പ്രവൃത്തികൾക്ക് ഊന്നൽ നൽകും. അഷ്ടമുടി കായൽ സംരക്ഷിക്കും. കായൽ ഭംഗി നുകരാൻ കൂടുതൽ ടൂറിസ്റ്റുകളെ കൊണ്ടുവരും. കോർപ്പറേഷനിൽ ലഭിക്കുന്ന അപേക്ഷകൾ അതിവേഗത്തിൽ പരിഹരിക്കാനുള്ള ഇടപെടൽ നടത്തും'.

 17 ദിവസം ജയിൽവാസം

സി.പി.ഐ മണ്ഡലം അസി.സെക്രട്ടറിയും പടിഞ്ഞാറെ കൊല്ലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. പുസ്തക പ്രസാദകനും ഇടപ്പള്ളി സ്മാരക സമിതി സജീവ പ്രവർത്തകനുമാണ്. ഗ്രന്ഥശാല രംഗത്തും സജീവം. എ.ഐ.വൈ.എഫിന്റെ തൊഴിൽ അല്ലെങ്കിൽ ജയിൽ സമരവുമായി ബന്ധപ്പെട്ട് 17 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഭാര്യ: പി. ഉഷാകുമാരി. മകൻ ക്ലിന്റൻ മധു. ആലാട്ട്കാവ് പുതിയവീട്ടിലാണ് താമസം.