photo

 വീടുപണിയിലെ തട്ടിപ്പിൽ മനംനൊന്തെന്ന് പ്രാഥമിക നിഗമനം

കുണ്ടറ: ഇളമ്പള്ളൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജലജാഗോപന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ ബന്ധുവായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പുഴ പുനുക്കന്നൂർ അരുൺ നിവാസിൽ മുരളീധരന്റെ ഭാര്യ മിനിയാണ് (40) മരിച്ചത്. ഇന്നലെ രാവിലെയാണ് കിണറിന്റെ പാലത്തിൽ മൃതദേഹം കണ്ടത്.

പൊലീസ് പറയുന്നത്: ജലജാഗോപൻ ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2018ൽ മിനിക്ക് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചു. നിർമ്മാണ കരാർ ജലജാഗോപന്റെ ഭർത്താവും കൊൺട്രാക്ടറുമായ ഗോപകുമാറിനാണ് നൽകിയത്. 9.5 ലക്ഷം രൂപയ്ക്കാണ് കരാറെഴുതിയത്.

നിർമ്മാണത്തിനാവശ്യമായ തടി മിനി നൽകിയിരുന്നു. 300 കോൺക്രീറ്റ് ഇഷ്ടികകൾ പഞ്ചായത്തിൽ നിന്ന് ലഭിച്ചു. പല തവണകളായി കരാർ പ്രകാരമുള്ള തുക മുഴുവൻ നൽകിയിട്ടും വീടിന്റെ നിർമ്മാണം നീണ്ടു. ഇതിനിടയിൽ ഗോപകുമാർ വീണ്ടും പണം ആവശ്യപ്പെട്ടു. 2020 ആഗസ്റ്റ് 25ന് നൽകിയ 75,000 രൂപ അടക്കം 11.75 ലക്ഷം രൂപ മിനി ഗോപകുമാറിന് നൽകിയിരുന്നു.

മിനി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലതവണ ഗോപന്റെ വീട്ടിലെത്തി സംസാരിക്കുകയും വാക്കുതർക്കമുണ്ടാവുകയും ചെയ്തിരുന്നു. നിർമ്മാണം വൈകുന്നതിൽ മനംനൊന്ത് മിനി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷമേ മറ്റ് കാര്യങ്ങളിലേക്ക് കടക്കൂ. മക്കൾ: അരുൺ, ആതിര.

 മിനിയുടെ മകൻ അരുൺ പറയുന്നത്

കോൺട്രാക്ടറുടെ വീട്ടിലെത്തിയ അമ്മയെ അന്ന് പ്രസിഡന്റായിരുന്ന ജലജാഗോപനും മക്കളും ചേർന്ന് മർദ്ദിച്ചു. ഇതിനുശേഷമാണ് അമ്മ അവിടേക്കു പോകാതായത്. ഞായറാഴ്ച രാത്രി അമ്മ ഗോപകുമാറിനെ ഫോണിൽ വിളിച്ചിരുന്നു. അതിനുശേഷം കരയുന്നത് കണ്ടു. ഉണർന്നപ്പോൾ അമ്മയെ കാണാത്തതിനാലാണ് രാവിലെ 4.30ഓടെ തിരക്കി ജലജാഗോപന്റെ വീട്ടിലെത്തിയത്. അപ്പോഴാണ് കിണറിന്റെ പാലത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അമ്മയെ കണ്ടത്.

''

50,000 രൂപ കൂടി കൊടുത്താൽ വീടുപണി പൂർത്തിയാക്കാമെന്ന് മിനിയോട് ഫോണിൽ പറഞ്ഞിരുന്നു. മിനിയുമായി മറ്റ് പ്രശ്നങ്ങളില്ല. സൗഹൃദപരമായിട്ടാണ് പെരുമാറിയിരുന്നത്. ആത്മഹത്യ ചെയ്തതിന്റെ കാരണം അറിയില്ല.

ജലജാഗോപൻ

ഇളമ്പള്ളൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്